ഹരിപ്പാട് : പ്രതിഫലം വാങ്ങാതെ നൃത്തം പഠിപ്പിച്ച ഗുരുവിനുള്ള ദക്ഷിണയായി സാനിയയുടെ ഒന്നാം സ്ഥാനം. യു.പി വിഭാഗം ഭരതനാട്യത്തിലാണ് കുമാരപുരം അനന്തപുരം കേരള കാളിദാസൻ കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഹയർസെക്കൻഡറി സ്കൂളിലെ എഴാം ക്ളാസ് വിദ്യാർത്ഥിനിയായ സാനിയാ സന്തോഷ് ഒന്നാമതെത്തിയത്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കന്നി അങ്കത്തിനിറങ്ങിയ സാനിയ 'കാമധേനു വർണ്ണം" അവതരിപ്പിച്ചാണ് മറ്റുള്ളവരെ പിന്നിലാക്കിയത്. തൃപ്പൂണിത്തറ ആർ.എൽ.വി നൃത്ത സ്കൂളിലെ അദ്ധ്യാപകനായ അഖിൽ കൃഷ്ണന്റെ ശിക്ഷണത്തിൽ യു.കെ.ജി മുതൽ നൃത്തം പഠിച്ചു വരികയാണ്. സാനിയയുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ അറിയാവുന്നതുകൊണ്ട് പ്രതിഫലം വാങ്ങാതെയാണ് അഖിൽ കൃഷ്ണൻ നൃത്തം അഭ്യസിപ്പിച്ചത്. മത്സരത്തിൽ പങ്കെടുക്കാനുള്ള മേക്കപ്പ് സാധനങ്ങളും ഡ്രസും തകഴി സ്വദേശി മനു സൗജന്യമായി നൽകിയതാണ്.
സാനിയയുടെ അച്ഛൻ സന്തോഷ് പെയിന്റിംഗ് തൊഴിലാളിയാണ്. അമ്മ ശ്യാമള ലോട്ടറി വില്പനക്കാരിയും. തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചു വച്ചാണ് മകളെ ഈ രക്ഷിതാക്കൾ മത്സരവേദിയിലെത്തിക്കുന്നത്. ഇന്ന് മോഹിനായാട്ടം, കുച്ചുപ്പുടി മത്സരങ്ങളിലും സാനിയ പങ്കെടുക്കുന്നുണ്ട്.