സ്നേഹിത കോളിംഗ് ബെൽ പദ്ധതി മുന്നേറുന്നു
ആലപ്പുഴ: ഒറ്റയ്ക്കാണെന്ന തോന്നലും വല്ലാതെ പിടയ്ക്കുന്ന മനസുമായി കഴിയുന്നവർക്ക് ആശ്വാസമേകാൻ കുടുംബശ്രീയുടെ 'സ്നേഹിത കോളിംഗ് ബെൽ'. ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകൾക്കും വ്യദ്ധദമ്പതികൾക്കും തണലായി മാറുകയാണ് സ്നേഹിത.
പരസഹായം ആവശ്യമായി ജില്ലയിൽ നിലവിൽ 2510 പേരുണ്ടെന്നാണ് കണ്ടെത്തൽ. തനിച്ച് താമസിക്കുന്ന സ്ത്രീകൾക്കും വൃദ്ധദമ്പതികൾക്കും നേരെയുള്ള അതിക്രമം വർദ്ധിച്ച സാഹചര്യത്തിലാണ് അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് രൂപം നൽകിയത്. അയൽക്കൂട്ടങ്ങൾ ഗൃഹസന്ദർശനം നടത്തി ഇവർക്ക് മാനസിക പിന്തുണ നൽകുന്നതാണ് കോളിംഗ്‌ബെൽ. ജില്ലയിൽ തനിച്ച് കഴിയുന്നവരെ കണ്ടെത്താൻ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി, ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും കലാകാരൻമാരും ഉൾപ്പെടെയുള്ളവർ വീടുകൾ സന്ദർശിക്കുന്നുണ്ട്. 21ന് വാരാചരണം അവസാനിക്കും. കിടപ്പു രോഗികൾ, വിദ്യാഭ്യാസം വേണ്ടവർ, ഭക്ഷണം വേണ്ടവർ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും സ്നേഹിത ഒപ്പമുണ്ടാകും. ജില്ലാമിഷന്റെ ഭാഗമായ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്കിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസുമായും ക്ലബുകളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപമാണ് സ്നേഹിത സെന്റർ. അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും സ്ത്രീകൾക്കും സ്നേഹിത ഷോർട്ട് സ്റ്റേ ഹോമിൽ താമസിക്കാൻ സൗകര്യമുണ്ട്. സൗജന്യ നിയമസഹായം, മാനസിക പിന്തുണ എന്നിവ ഉറപ്പാക്കും.
.........................................
സ്നേഹിതയിലെ അംഗങ്ങൾ: 2510
സ്ത്രീകൾ : 2213 പുരുഷൻമാർ : 296 ട്രാൻസ് ജൻഡർ:1
ഫോൺ: 0477-2230912,18004252000
.....................................
'സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ചെറുക്കാൻ കോളിംഗ് ബെൽ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. മക്കൾ വിദേശത്തുള്ള മാതാപിതാക്കൾ, ഭർത്താവിന്റെ മദ്യപാനം മൂലം ബുദ്ധിമുട്ടുന്നവർ, മക്കളുടെ സംരക്ഷണമില്ലാത്തവർ, സംരക്ഷിക്കുവാൻ ആരുമില്ലാത്തവർ തുടങ്ങിയവരാണ് ഒറ്റപ്പെടുന്നവരിൽ ഏറെയും'
(സുനിത, ജില്ലാതല പ്രോഗ്രാം ഒാഫീസർ)