ambala

ഹരിപ്പാട്: ആനുകാലിക സംഭവങ്ങൾ ശരീര ഭാഷയിലൂടെ കാണികൾക്കു പകർന്നു നൽകിയ ഹയർ സെക്കൻഡറി വിഭാഗത്തിലെ മൂകാഭിനയ മത്സരവേദിയിൽ മൊബൈൽ ഫോൺ ദുരുപയോഗം, വാഹനങ്ങളുടെ അമിതവേഗം, സദാചാര പൊലീസ് തുടങ്ങിയ നിരവധി ആനുകാലിക പ്രസക്തിയുള്ള തീമുകളുമായി മത്സരാർത്ഥികൾ അരങ്ങു തകർത്തു.

ഫെസ് ബുക്കിൽ ലൈവായി വന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ കഥ മൂകാഭിനയത്തിലൂടെ അവതരിപ്പിച്ച മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂകൂളിലെ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞ 14 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം മൂകാഭിനയ മത്സര രംഗത്ത് നേടിക്കൊടുക്കുന്ന പരിശീലകനായ തിരുവനന്തപുരം ഇന്ത്യൻ മൈൻഡ് തീയറ്റർ നടത്തുന്ന ആദം ഷായുടെ ശിക്ഷണത്തിലാണ് മാന്നാർ നായർ സമാജം ടീം ഒന്നാമതെത്തിയത്.

കർണാടകയിലെ ഒരു നിർദ്ധന കുടുംബത്തിൽ അംഗമായ പെൺകുട്ടി, മാതാപിതാക്കൾ വാങ്ങി നൽകിയ മൊബൈൽ ഫോണിലെ വാട്ട്സാപ്പിലൂടെ അയച്ച തന്റെ നഗ്നചിത്രങ്ങൾ വൈറലായതോടെ 'എന്റെ ശരീരം കണ്ട് ആസ്വദിച്ച നിങ്ങൾ എന്റെ മരണവും കണ്ട് ആസ്വദിക്കൂ' എന്നെഴുതിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. അലീഷ, റീമാ, ജറീന, ദേവിക, ദേവിക ജി.നായർ, സെബാനാ ഷാജി, തനിമ എന്നിവരാണ് മൂകാഭിനയത്തിൽ തിളങ്ങിയത്.