ഹരിപ്പാട്: റവന്യു ജില്ലാ കലോത്സവത്തിന്റെ രണ്ടാം നാൾ ആരംഭിച്ചത് പ്രധാന വേദി മാറ്റിയെന്ന അറിയിപ്പോടെയാണ്. ഇതോടെ മത്സരാർത്ഥികളും സംഘാടകരും നെട്ടോട്ടത്തിലായി. ഹരിപ്പാട് ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ മഴപെയ്ത് ചെളിക്കുണ്ടായതോടെയാണ് ഇവിടെ നടക്കാനിരുന്ന മത്സരങ്ങൾ അരകിലോമീറ്ററിൽ അധികം ദൂരെ കാവൽ ആഡിറ്റോറിയത്തിലേക്ക് മാറ്റിയത്. കാവലിൽ നടത്തേണ്ട ശാസ്ത്രീയസംഗീത മത്സരം ബോയ്സ് സ്കൂളിലെ താല്കാലിക വേദിയിലേക്കും മാറ്റി. ഒന്നാം വേദിയിൽ 9ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിന് ഉൾപ്പടെ മേക്കപ്പ് ചെയ്ത മത്സരാർത്ഥികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. പൊരിവെയിലിൽ നടന്നും ഓട്ടോയിലും സ്വകാര്യ വാഹനങ്ങളിലുമായാണ് മത്സരാർത്ഥികൾ കാവൽ ആഡിറ്റോറിയത്തിൽ എത്തിയത്. 11.15ന് മത്സരം ആരംഭിച്ചപ്പോഴേക്കും മിക്ക കുട്ടികളും വിയർത്ത് മേക്കപ്പ് മാഞ്ഞ് തുടങ്ങിയിരുന്നു. മേക്കപ്പിന് ഉൾപ്പടെ മാർക്ക് ഉള്ളപ്പോഴാണ് ഈ അവസ്ഥ. കാവൽ ആഡിറ്റോറിയത്തിലേക്ക് മത്സരം മാറ്റിയ അറിയിപ്പ് മത്സരാർത്ഥികൾക്ക് ലഭിച്ചത് രാവിലെ 10.30 ഓടെയാണ്. അപ്പോഴേക്കും എല്ലാവരും ഗവ.ബോയ്സ് സ്കൂളിലെ മേക്കപ്പ് റൂമിൽ അണിഞ്ഞൊരുങ്ങി കഴിഞ്ഞിരുന്നു.
കാവലിലെ വേദിയിൽ നൃത്തം ചെയ്യുന്നവർക്ക് പാട്ട് കേൾക്കാനുള്ള സംവിധാനം ഇല്ലാത്തതിൽ രക്ഷകർത്താക്കൾ പരാതി അറിയിച്ചതോടെ അരമണിക്കൂറിനുശേഷം സൗണ്ട് സ്റസ്റ്റവും എത്തിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്. ചില മത്സരാർത്ഥികൾ എത്താൻ വേണ്ടി മത്സരം മനപൂർവ്വം വൈകിപ്പിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. ആദ്യ മത്സരാർത്ഥിയുടെ ചുവടുകൾ ആരംഭിച്ച് സെക്കൻഡുകൾക്കുള്ളിൽ മൈക്ക് ഓഫായതും കല്ലുകടിയായി. മൂന്നാം വേദിയായ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യു.പി വിഭാഗം ഭരതനാട്യ മത്സരവും മണിക്കൂറുകൾ വൈകിയാണ് ആരംഭിച്ചത്. കുട്ടികൾ വെള്ളം പോലും കുടിയ്ക്കാനാകാതെ വിഷമിച്ചു. വെളുപ്പിനെ 6 മുതൽ മേക്കപ്പ് ഇട്ടിരുന്ന കുരുന്നുകൾ ഉച്ചയ്ക്ക് 2 മണിയോടെ മത്സരം അവസാനിച്ച ശേഷമാണ് ജലപാനം നടത്തിയത്.