ഹരിപ്പാട്: കൂടിയാട്ടം, നങ്ങ്യാർകൂത്ത് കലാരംഗത്ത് കലാമണ്ഡലം പ്രസന്നകുമാരിക്ക് ഇത് മുപ്പതാം വർഷം. തിരുവനന്തപുരം മുതൽ കാസർകോട് വരെയായി എണ്ണിയാൽ തികയാത്ത ശിഷ്യ സമ്പത്ത്. എല്ലാ ശിഷ്യരും കലോത്സവ വേദികളിലെ മിന്നുംതാരങ്ങൾ. ഇതര സമുദായത്തിൽ നിന്നു നങ്ങ്യാർകൂത്ത് കലയിലേക്ക് ഒരു കുട്ടിയെ കൈപിടിച്ച് എത്തിച്ചത് ചരിത്രം. ഗുരുവിനെ കാണാൻ ആ വിദ്യാർത്ഥി ഇന്നലെ ഹരിപ്പാട്ടെ വേദിയിലെത്തിയതും, അതേ വേദിയിൽ ശിഷ്യരായ മറ്റ് രണ്ട് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടിയതും അപൂർവ്വ കാഴ്ചയായി.
ഗുരുവിനെ തേടി എത്തിയത് താമരക്കുളം വി.വി.എച്ച്.എസ്.എസ് സ്കൂളിലെ പഴയ നങ്ങ്യാർകൂത്ത് വിജയി ജമാന ഹസീന. ഇന്നലെ വേദിയിൽ വിജയം കൊയ്തത് ഹൈസ്കൂൾ വിഭാഗത്തിൽ കൊയ്പ്പള്ളി കാരാഴ്മ വി.എസ്.എസ്.എച്ച്.എസിലെ ശ്രീപാർവ്വതിയും ഹയർസെക്കൻഡറി വിഭാഗത്തിൽ കായംകുളം എൻ.ആർ.പി.എം എച്ച്.എസ്.എസിലെ പ്ളസ്ടു സയൻസ് വിദ്യാർത്ഥിനി ഗിരിനന്ദിനിയും. ശിഷ്യരുടെ അപൂർവ്വ സംഗമവും വിജയവും ഇരട്ടി സന്തോഷം നൽകിയതായി പ്രസന്ന കുമാരി പറഞ്ഞു. 18 വർഷമായി കലാമണ്ഡലത്തിൽ താത്കാലിക അദ്ധ്യാപികയാണ് ചെറുതുരുത്തി സ്വദേശിനിയായ പ്രസന്ന കുമാരി. 2013ലാണ് ശിഷ്യരിൽ ആറ്റിങ്ങൾ സ്വദേശിയായ ഹരിത കലോത്സവ വേദിയിലെത്തുന്നതും സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടുന്നതും.
2014ൽ ആദ്യമായി മുസ്ളിം സമുദായത്തിലെ കുട്ടി ജമാന ഹസീന ചാക്യാർ വിഭാഗക്കാരുടെ കല കെട്ടിയാടി. 9-ാം ക്ളാസിൽ പഠിക്കവേ ഹസീന ഒന്നാം സ്ഥാനം നേടി തുടങ്ങി. തുടർന്ന് മൂന്ന് വർഷവും ഒന്നാം സ്ഥാനവും സംസ്ഥാനത്ത് എ ഗ്രേഡും കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലും ഹസീന ഒന്നാം വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി അടുത്ത മത്സരത്തിനായി തയ്യാറെടുക്കുകയാണ്. പ്രസന്ന കുമാരിയുടെ ശിക്ഷണത്തിൽ മറ്റ് ജില്ലകളിലും നിരവധി കുട്ടികളാണ് വിജയം നേടി മുന്നേറുന്നത്. ഇതിനോടകം ഇടുക്കി, പാലക്കാട്, കാസർകോട്, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നായി ആറ് കുട്ടികൾ സംസ്ഥാന കലോത്സവത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.