sn

ആലപ്പുഴ: നാനൂറോളം നർത്തകിമാർ മോഹിനിയാട്ടത്തിന്റെ ചുവടുവച്ചു. ശ്രീനാരായണ ഗുരുദേവൻ രചിച്ച 'കുണ്ഡലിനി' പാട്ടിനൊത്ത് നൃത്തം പെരുകിയപ്പോൾ അത് വിസ്മയകാഴ്ചയായി.

എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ തൃശൂരിൽ നടക്കുന്ന 'ഏകാത്മകം മെഗാ ഇവന്റിൽ' അവതരിപ്പിക്കുന്ന നൃത്തമാണിത്. പ്രിൻസ് ഹോട്ടലിലാണ് പരിശീലനം. 'ആടു പാമ്പേ പുനം തേടു പാമ്പേ...' എന്ന വരികൾക്കൊത്ത് 13 വയസിനും 40 വയസിനും ഇടയിലുള്ള നർത്തകിമാർ ആടി. ഏകാത്മകം മെഗാ ഇവന്റ് കൊറിയോഗ്രാഫർ കലാമണ്ഡലം ഡോ.ധനുഷാ സന്യാൽ കാണിച്ച മുദ്രകളും ചുവടുകളും നോക്കി നർത്തകിമാർ അഞ്ചര മണിക്കൂർ പരിശീലിച്ചു. യോഗത്തിന്റെ വിവിധ യൂണിയനുകളിൽ നിന്നാണ് നർത്തകിമാരെ തിരഞ്ഞെടുത്തത്. ഇവർ യൂണിയൻ തലത്തിൽ മറ്റ് നർത്തകിമാർക്ക് പരിശീലനം നൽകും. അങ്ങനെ 5000 പേരാണ് തേക്കിൻകാട് മൈതാനിയിൽ നൃത്തം അവതരിപ്പിക്കുന്നത്.‌

പൂരത്തിൻെറ നാട്ടിൽ ഈ നൃത്തപ്പൂരത്തിന് സാക്ഷ്യം വഹിക്കാൻ ഗിന്നസ് ബുക്ക് അധികൃതരും എത്തുന്നുണ്ട്. 14 മിനിട്ട് നീളുന്ന നൃത്തത്തിൽ, ആടു പാമ്പേ എന്ന പാട്ട് ആലപിച്ചിരിക്കുന്നത് ഗായകൻ മധുബാലകൃഷ്ണനാണ്. സംഗീതം പകർന്നിരിക്കുന്നത് അജിത് ഇടപ്പള്ളിയും. പരിശീലന ക്ലാസിന് മുന്നോടിയായി നടന്ന യോഗം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. ഷൈലജാ രവീന്ദ്രൻ, പി.വി.ലോലമ്മ, ഗീതാമധു, സുമംഗല തുടങ്ങിയവർ സംസാരിച്ചു. ഇവന്റ് ചീഫ് കോ ഓർഡിനേറ്ററും കേന്ദ്ര വനിതാ സംഘം സെക്രട്ടറിയുമായ അഡ്വ.സംഗീത വിശ്വനാഥൻ സ്വാഗതം പറഞ്ഞു.