ചേർത്തല : ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ വ്യാപക നാശനഷ്ടം. ഇടിമിന്നലേറ്റ് പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായി.ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് സെന്റ് മൈക്കിൾസ് കോളേജിന് പടിഞ്ഞാറ് വശം ഉള്ളാടശേരിയിൽ വാസുദേവന്റെ(കറുപ്പായി) വീടിന്റെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു.ഇലക്ട്രോണിക് ഉപകരണങ്ങളും വയറിംഗും പൂർണമായി കത്തി നശിച്ചു.കേബിൾ ടി.വി.കണക്ഷനിലൂടെ കയറിവന്ന അമിത വൈദ്യുതി പ്രവാഹമാണ് നാശം വിതച്ചത്.പ്രദേശത്തെ 40ഓളം വീടുകളിൽ വയറിംഗ് സംവിധാനം കത്തി .ടി.വി,ഫ്രിഡ്ജ്,മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. കളപ്പുരയ്ക്കൽ വിജയമ്മയുടെ വീട്ടിലെ തെങ്ങ് ഇടിവെട്ടേറ്റ് നിലം പതിച്ചു.ഇടിമിന്നൽ സമയത്ത് തെങ്ങ് ചെത്തുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുറുപ്പം വീട്ടിൽ രവീന്ദ്രൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.