തെരുവു വിളക്കുകൾ നോക്കുകുത്തി
ആലപ്പുഴ: കണ്ണുതുറക്കാത്ത തെരുവ് വിളക്കുകളും തുരുമ്പു പിടിച്ച് ദ്രവിച്ച സൈൻബോർഡുകളും ആലപ്പുഴ നഗരത്തിന്റെ മുഖമുദ്ര യായി മാറിയിട്ട് നാളുകളായെങ്കിലും നടപടിയില്ല.
നഗരത്തിലെത്തുന്ന ദീർഘദൂര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പല ബോർഡുകളും തുരുമ്പുപിടിച്ച്, പെയിന്റ് പോയി സൂചനകൾ കാണാൻ കഴിയാത്ത വിധമാണ്. സൈൻ ബോർഡുകൾ ഇല്ലാത്തതിനാൽ വശങ്ങളിലെ റോഡുകളിൽ നിന്നു പ്രധാന റോഡിലേക്ക് കടക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. കാലവർഷം കനത്തതോടെ രാത്രികാലങ്ങളിൽ ഇടറോഡുകളിൽക്കൂടിയുള്ള യാത്ര ദുരിതപൂർണമായി. എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന നഗരജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച തെരുവുവിളക്കുകളിൽ പകുതിയിലേറെയും തെളിയുന്നില്ല. പകൽ സമയത്തേക്കാൾ അർദ്ധരാത്രിയും പുലർച്ചെയുമാണ് ജംഗ്ഷനുകളിൽ അപകടങ്ങൾ സംഭവിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന റോഡിലേക്കെത്താൻ നിരവധി ഇടറോഡുകളുണ്ട്. നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ ഈ റോഡുകളെയാണ് വാഹനയാത്രക്കാർ ആശ്രയിക്കുന്നത്. സൈൻബോർഡുകളില്ലാത്തതിനാൽ ഇടറോഡുകളിലെ യാത്രയും ഗതാഗതതടസത്തിന് കാരണമാകുന്നു.
വഴിതെറ്റിക്കുന്ന വഴികാട്ടികൾ
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വാഹനം നിറുത്തി സ്ഥലം തിരക്കാൻ ശ്രമിച്ചാൽ പിന്നാലെ വലിയ ഗതാഗതക്കുരുക്കുണ്ടാവും. എറണാകുളത്തുനിന്ന് നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങൾ ശവക്കോട്ടപ്പാലത്തിലും വൈ.എം.സി.എ ജംഗ്ഷനിലുമെത്തിയാൽ കുരുങ്ങിവലയും. നഗരത്തിലെ പ്രധാന ഇടറോഡുകളിലെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. സന്ധ്യകഴിഞ്ഞാൽ ബൈക്ക് യാത്രക്കാരും സൈക്കിൾ യാത്രക്കാരുമാണ് വെളിച്ചമില്ലാത്തതിനെത്തുടർന്ന് അപകടത്തിൽപ്പെടുന്നത്. നഗരത്തിലെ പ്രധാന ജംഗ്ഷനായ ജില്ലാക്കോടതി പാലം, ജനറൽ ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ തെരുവ് വിളക്കുകൾ തെളിയുന്നില്ല.
..............................
# നഗരജ്യോതി അണഞ്ഞ വഴി
എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന നഗരജ്യോതി തുടങ്ങിയത് 2017 മാർച്ചിൽ
ലക്ഷ്യമിട്ടത് വൈദ്യുതി ലാഭം
സ്ഥാപിച്ചത് 8051എൽ.ഇ.ഡി ലൈറ്റുകൾ
അറ്റകുറ്റപ്പണിക്ക് നഗരസഭ കരാർ നൽകിയത് കെ.എസ്.ഇ.ബിക്ക്
കെ.എസ്.ഇ.ബി സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകി
കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിക്ക് ആദ്യ കരാർ
പിന്നീട് ആലപ്പുഴ സ്വദേശി കരാർ ഏറ്റെടുത്തു അറ്റകുറ്റപ്പണി നടത്തി
ഇതിന്റെ തുക കിട്ടാതായതോടെ എല്ലാം നിലച്ചു
......................................
# രാത്രിയിലെന്ത് ട്രാഫിക്
പ്രധാന ജംഗ്ഷനുകളിൽ പോലും രാത്രികാലങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് ഇല്ല. പകൽ പോലെതന്നെ ഗതാഗതത്തിരക്കാണ് ഇപ്പോൾ രാത്രിയിലും. ഇരുമ്പ് പാലം, ശവക്കോട്ടപാലം, പിച്ചു അയ്യർ ജംഗ്ഷൻ, കൈചൂണ്ടി മുക്ക് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രാത്രിയിലും രൂക്ഷമാവുന്നത്.
..................................
'ആൾക്ഷാമമാണ് ട്രാഫിക് പൊലീസിലെ പ്രശ്നം. അത്യാവശ്യ ജംഗ്ഷനുകളിൽ രാത്രിയിലും പൊലീസിന്റെ സേവനം ലഭ്യമാക്കാൻ ശ്രദ്ധിക്കാറുണ്ട്'
(ട്രാഫിക് അധികൃതർ)