ആലപ്പുഴ : നഗരസഭ ചെയർമാനെന്ന നിലയിൽ പ്രവർത്തനം ഓഫീസിനുള്ളിലേക്ക് ഒതുക്കാതെ ജനങ്ങളിലേക്ക് ഇറങ്ങുകയാണ് ഇല്ലിക്കൽ കുഞ്ഞുമോൻ. റോഡരികിൽ നിന്നും പരാതികൾ കേൾക്കുന്ന ആലപ്പുഴ നഗരസഭ ചെയർമാൻ തികച്ചും വ്യത്യസ്തനാവുകയാണ്.
ജനറൽ ആശുപത്രിക്ക് സമീപത്തെ ട്രാഫിക് എെലൻഡിനടുത്ത് വൈകുന്നേരങ്ങളിൽ ചെയർമാനെത്തും. നിറഞ്ഞ ചിരിയുമായി. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ, കാര്യങ്ങളുടെ നേരറിയാൻ. ഇതുവഴി കടന്നു പോകുന്ന ആർക്കും ചെയർമാനോട് പരാതി പറയാം. വൈകിട്ട് ആറര മണിയോടെ എത്തുന്ന ചെയർമാൻ മണിക്കൂറുകളോളം കഴിഞ്ഞാണ് മടങ്ങുക. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉൾപ്പെടെയുള്ളവരും കൂടെയുണ്ടാകും.
ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളടക്കമുള്ളവർ സങ്കടങ്ങളുമായി ചെയർമാന്റെ മുന്നിലെത്തും. അപ്പോൾ തന്നെ ചെയർമാൻ ബന്ധപ്പെട്ടവരെ ഫോണിൽ വിളിക്കും. കാര്യങ്ങൾ ഓകെ. സങ്കടവുമായി എത്തിയവർ സന്തോഷത്തോടെ മടങ്ങും. 25 വർഷമായി കൗൺസിലറായ ഇല്ലിക്കൽ കുഞ്ഞുമോൻ ചെയർമാനായപ്പോൾ തുടങ്ങിയതല്ല ഇത്. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോഴും ജനറൽ ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് എെലൻഡിന് മുന്നിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ എത്തുമായിരുന്നു. ചെയർമാനായപ്പോഴും അത് ദിനചര്യപാേലെ തുടരുന്നു. വൈകുന്നേരങ്ങളിൽ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ട അവസരങ്ങളൊഴിച്ചാൽ എല്ലാ ദിവസവും ജനസമ്പർക്കവുമായി ചെയർമാൻ ജനറൽ ആശുപത്രി ജംഗ്ഷനിൽ കാണും..