ആലപ്പുഴ: ക്ഷേമ പെൻഷനുള്ള മസ്റ്ററിംഗ് 26 മുതൽ ഡിസംബർ 14 വരെ എല്ലാ വാർഡിലും നടത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. അക്ഷയ കേന്ദ്രങ്ങൾ തേടി ആരും പോകണ്ട. അവരവരുടെ വാർഡുകളിൽ മസ്റ്ററിംഗ് നടത്താം. നഗരത്തിൽ പത്ത് അക്ഷയ കേന്ദ്രങ്ങളാണുള്ളത്. ഒരു വാർഡിൽ രണ്ട് അക്ഷയ കേന്ദ്രങ്ങൾ വീതം ഒരു ദിവസം പ്രവർത്തിച്ച് മസ്റ്ററിംഗ് നടത്തും. 14 ാം തീയതിയ്ക്കകം 52 വാർഡുകളിലെയും മസ്റ്ററിംഗ് പൂർത്തിയാക്കും. 15ന് കിടപ്പുരോഗികളുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തും. ഒരാൾക്കുപാേലും ബുദ്ധിമുട്ടില്ലാതെ മുഴുവൻപേർക്കും മസ്റ്ററിംഗ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമാേൻ പറഞ്ഞു.

 ചുടുകാട്ടിലെ പാർക്ക് പൊളിക്കും

വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കും. വിശ്വാസികളുടെ കൂടെയാണ് നഗരസഭയെന്ന് ചെയർമാൻ പറഞ്ഞു. ഇതിനായി പാർക്ക് പൊളിച്ച് മാറ്റേണ്ടി വന്നാൽ അതും ചെയ്യും. ഹൈന്ദവാചാരം മാനിച്ചുകൊണ്ട് മുന്നോട്ട് പാേകുമെന്ന് ചെയർമാൻ പറഞ്ഞു. മൃതദേഹം അടക്കാൻ സ്ഥലമില്ല എന്ന പരാതിക്ക് പരിഹാരം കാണുമെന്നും വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ അറിയിച്ചു. ഇതിനെപ്പറ്റി ചർച്ച ചെയ്യാൻ 25 ന് സർവകക്ഷി യോഗം വിളിക്കാനും കൗൺസിൽ തീരുമാനിച്ചു.

 പ്രതിപക്ഷം ഇറങ്ങിപ്പോയി

അമൃത് പദ്ധതിയുടെ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അമൃത് പദ്ധതിയിൽ നൽകേണ്ട 33 കോടി രൂപയുടെ വിഹിതത്തെപ്പറ്റിയുള്ള ചർച്ചയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. എട്ട് കോടിയേ നഗരസഭയ്ക്ക് വിഹിതമായി കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ബാക്കി സർക്കാർ നൽകണമെന്നും ചെയർമാൻ പറഞ്ഞതോടെ ക്ഷുഭിതരായ പ്രതിപക്ഷാംഗങ്ങൾ അതിനെ എതിർത്തു.തുടർന്ന് ഇറങ്ങിപ്പോവുകയായിരുന്നു.