sikara

ആലപ്പുഴ: ടൂറിസ്റ്റുകളുമായി പോയ ശിക്കാര ബോട്ടിൽ വെള്ളം കയറിയത് പരിഭ്രാന്തി പരത്തി. കരയിൽ നിന്നവരും സ്രാങ്കും ചേർന്ന് ബോട്ട് കരയ്ക്കടുപ്പിച്ചതിനാൽ ദുരന്തം ഒഴിവായി. മാതാ ജെട്ടിയ്ക്ക് എതിർവശം ഇന്നലെ വൈകിട്ട് 3.45 നായിരുന്നു സംഭവം. അഞ്ചംഗ നോർത്ത് ഇന്ത്യൻ ടൂറിസ്റ്റുകളായിരുന്നു ബോട്ടിൽ. യാത്ര ആരംഭിച്ചയുടൻ തന്നെ ബോട്ടിൽ വെള്ളം കയറുന്നത് കണ്ട സ്രാങ്ക് ബോട്ട് കരയ്ക്ക് അടുപ്പിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ബോട്ട് ഒരു വശത്തേക്ക് മുങ്ങാൻ തുടങ്ങി. പരിഭ്രാന്തരായ ടൂറിസ്റ്റുകൾ കരയ്ക്ക് നിന്നവരെ കൈകാട്ടി അപകടസൂചന നൽകി. ജെട്ടിയിൽ നിന്നവർ ബോട്ട് കയർ കൊണ്ട് ബന്ധിച്ച് വലിച്ച് കരയ്ക്കടുപ്പിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. ചുങ്കം ഷാജിയുടെ ഉടമസ്ഥയിലുള്ള ബോട്ടിൻെറ ഒരു പലക ഇളകിയതാണ് വെള്ളം കയറാൻ ഇടയാക്കിയത്.