 ഡോക്ടർ ഒളിവിൽ

ഹരിപ്പാട്: മരുന്ന് മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് സർക്കാർ ആയുർവേദ ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണം വൈകുന്നു. കാർത്തികപ്പള്ളി ഗവ. ആയുർവേദ ആശുപത്രിയിലെ ജീവനക്കാരി അരുണയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ്, സംഭവ ദിവസം ആശുപത്രിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ ഒളിവിൽ പോയതിനെ തുടർന്ന് വൈകുന്നത്. ഇന്ന് ആശുപത്രിയിൽ ആയുർവേദ വിഭാഗം ഡി.എം.ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്താനിരിക്കെയാണ് ഡോക്ടർ ഒളിവിൽ പോയത്.

അരുണയെ കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ മരുന്നിൽ കുറവുണ്ടെന്ന് ആരോപിച്ച് അരുണയെ കാർത്തികപ്പള്ളി പഞ്ചായത്തിലെ ചില ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ വച്ച് വിചാരണ നടത്തിയെന്നാണ് ആക്ഷേപം. ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയ ജനപ്രതിനിധികളാണ് തന്റെ മരണത്തിന് ഉത്തവാദികൾ എന്ന് അരുണ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം അരുണയുടേത് തന്നെയെന്ന് ഉറപ്പ് വരുത്താനും സ്റ്റോക്ക് തിട്ടപ്പെടുത്താനും ഇന്ന് ആയുർവേദ വിഭാഗം ഡി.എം.ഒയുടെയും പൊലീസ് ഉദോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്താനായിരുന്നു തീരുമാനം. ഇതിനായി ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ രത്നകുമാർ രാവിലെ പത്തിന് ആശുപത്രിയിൽ എത്താൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഡോക്ടർ വിട്ടുനിന്നതോടെ പരിശോധന നടത്താനാകാതെ ഡി.എം.ഒയും സംഘവും മടങ്ങി. രത്നകുമാർ എത്തിയില്ലെങ്കിലും ഇന്നു രവിലെ പത്തിന് പരിശോധന നടത്താനാണ് തീരുമാനമെന്ന് കാർത്തികപ്പള്ളി പഞ്ചായത്ത്‌ പ്രഡിഡന്റ് ജിമ്മി വി.കൈപ്പള്ളിൽ പറഞ്ഞു.