ചേർത്തല:താലൂക്ക് ആശുപത്രിയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു.മന്ത്രി പി.തിലോത്തമന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ആരോഗ്യവകുപ്പു ഡയറക്ടർ ഡോ.ആർ.എൽ.സരിത ആശുപത്രിയിലെത്തി. എല്ലാ വിഭാഗം ജീവനക്കാരേയും ഡയറക്ടർ നേരിൽ കണ്ടു.ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും കുറവുകളടക്കമുള്ള പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും യോഗങ്ങൾ പ്രത്യേകം വിളിച്ചു ചേർത്ത് അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
കഴിഞ്ഞ ദിവസം എൻ.എച്ച്.എം പദ്ധതിയിൽ നിന്ന് അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറെ നിയമിച്ചെങ്കിലും രോഗികളുടെ തിരക്ക് സഹിക്കാൻ കഴിയാതെ അന്നു തന്നെ ഡോക്ടർ രാജിവെച്ച് പോയിരുന്നു.ഇതിന് പകരം അടിയന്തരമായി നിയമനം നടത്താൻ ഡയറക്ടർ നിർദ്ദേശം നൽകി.ദിവസേന 1500ലധികം പേരാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്.750 ഓളം പേർ ഐ.പിയിലുണ്ട്. ഡോക്ടർമാരുടെ അഭാവമാണ് താലൂക്ക് ആശുപത്രി പ്രധാനമായും നേരിടുന്ന പ്രതിസന്ധി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി എസ്.ശരത് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി.വിമൽ എന്നിവരടങ്ങുന്ന സംഘം ഡയറക്ടറെ ആശുപത്രിയിലെത്തി കണ്ട് പരാതികൾ അറിയിച്ചു.