മാന്നാർ:വെൺമണി ഇരട്ടക്കൊലക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതികളായ ബംഗ്ളാദേശ് സ്വദേശികളായ ജുവൽ ഹസൻ (22), ലബലു ഹസൻ (36) എന്നിവരെ ഇന്ന് രാവിലെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കും.വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞലിമൂട്ടിൽ എ.പി ചെറിയാൻ(കുഞ്ഞുമോൻ) (75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ കൊല ചെയ്തതാണ് കേസ്. പ്രതികളെ ഇന്നലെ കോടുകുളഞ്ഞി കരോടിൽ എത്തിച്ച് വീണ്ടും തെളി​വെടുപ്പ് നടത്തി. ഇവർ താമസിച്ചിരുന്ന വീട്ടിലും കൊല നടന്ന ദിവസം ഇവർ ചായയും ഭക്ഷണവും കഴിച്ച ഹോട്ടലിലും എത്തിച്ചാണ് തെളിവെടുപ്പുകൾ നടത്തിയത്. ചായ കുടിച്ച ശേഷം ഇരുവരും ആഞ്ഞിലിമൂട്ടിലെ ചെറിയാന്റെ വീട്ടിൽ ഉച്ചയ്ക്ക്മൂന്ന് മണിയോടെ തിരിച്ചെത്തി. പിന്നീടാണ് കൊല ചെയ്യാൻ പദ്ധതി തയ്യാറാക്കിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കൂടാതെ കൊലയ്ക്ക്ശേഷം പ്രതികളെയും കൊണ്ട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോയ ഓട്ടോറിക്ഷാ ഡ്രൈവർ ഇരുവരെയും ഇവരുടെ തോൾ ബാഗും തിരിച്ചറിഞ്ഞു. ഓട്ടോറിക്ഷാക്കൂലിയായി 200 രൂപ ഇവർ നൽകിയതായി ഡ്രൈവർ പറഞ്ഞു.പ്രതികളെ ഇരുപത്തിയഞ്ചു വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടതെന്നും തെളി​വെടുപ്പ് പൂർത്തിയായതു കൊണ്ടാണ് കസ്റ്റഡി കാലാവധി തീരുന്നതിനു മുൻപ് പ്രതികളെ കോടതി​യിൽ ഹാജരാക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചെങ്ങന്നൂർ സി.ഐ എം. സുധിലാൽ പറഞ്ഞു