തുറവുർ: തുറവൂർ സ്റ്റാൻഡിലെ ഓട്ടോടാക്സി ഡ്രൈവർക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വാഹനവും അടിച്ചു തകർത്തു സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്സി, ഓട്ടോ ഡ്രൈവർമാർ പണിമുടക്കി ദേശീയപാതയിൽ പ്രകടനം നടത്തി. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ തേവലപ്പൊഴി സെബീറാണ് (45) ആക്രമണത്തിനിരയായത്.ഗുരുതര പരിക്കേറ്റ സെബീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തുറവുർ-- തൈക്കാട്ടുശേരി റോഡിൽ മന്നത്ത് ക്ഷേത്രം വളവിന് സമീപമായിരുന്നു സംഭവം. ഓട്ടം വിളിച്ചു കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. വളമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവാക്കൾ ഉൾപ്പെട്ട ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന .കുത്തിയതോട് പൊലീസ് കേസെടുത്തു.