ആലപ്പുഴ: സംസ്ഥാന സർക്കാർ കയർ മേഖലയെ തകർക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ പറഞ്ഞു.
2007ൽ കയർ വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരൻ കയർ ക്രയവില സ്ഥിരതാ പദ്ധതി നടപ്പാക്കിയതിനുശേഷം ഇതുവരെ 973 കോടി രൂപയുടെ കൈത്തറി കയറുല്പന്നങ്ങളാണ് ചെറുകിട ഉത്പാദകർ കയറ്റുമതി ചെയ്തത്. ചെറുകിട ഉത്പാദകർക്കുള്ള നിശ്ചിത ക്രയവില സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ നിന്ന് കയർ കോർപ്പറേഷൻ വഴി ഉത്പാദക സഹകരണ സംഘങ്ങളുടെ സഹായത്തോടെ നേരിട്ടു നൽകുകയും തൊഴിലാളികൾക്ക് നിശ്ചിത കൂലിയും മറ്റവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
2016 മുതൽ 2019 നവംബർ വരെയുള്ള മൂന്നര വർഷംകൊണ്ട് 450 കോടി രൂപയുടെ കയർ ഉത്പന്നങ്ങൾ ക്രയവില സ്ഥിരതാ പദ്ധതി വഴി ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. ഇടക്കാലത്ത് മാന്ദ്യത്തിലായ കയർ പായ ഉത്പന്നങ്ങൾക്ക് ശക്തമായ കമ്പോളം ഉറപ്പാക്കാൻ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളും വിജയിച്ചു. 2016-18 കാലയളവിൽ 100 കോടി രൂപയുടെ കയർ വലപ്പായാണ് തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി ഗ്രാമപഞ്ചായത്തുകൾ വഴി വിതരണം ചെയ്തത്. അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും കയർ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ദേവകുമാർ ആവശ്യപ്പെട്ടു.