ആലപ്പുഴ : ജില്ലയിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി 13000 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം ഡിസംബറിൽ നടക്കും. ജില്ലയിൽ പദ്ധതിയിൽ ഇതുവരെ നിർമ്മാണം പൂർത്തീകരിച്ച വീടുകളിലെ അംഗങ്ങളുടെ കുടുംബസംഗമവും അന്ന് നടക്കും.

രണ്ടുഘട്ടങ്ങളിലായി ജില്ലയിൽ 10,097 വീടുകളാണ് ലൈഫ് മിഷൻ ഇതുവരെ നിർമ്മിച്ചു നൽകിയത് . ഈ സർക്കാർ അധികാരത്തിലേറുന്നതിനു മുമ്പു വരെ മുടങ്ങികിടന്ന ഭവന പദ്ധതികളാണ് ഒന്നും രണ്ടും ഘട്ടത്തിൽ പൂർത്തീകരിച്ചത്. ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന എന്നീ പദ്ധതികളിലെ വീടുകൾ ലൈഫ് മിഷന് കീഴിൽ ഏകോപിപ്പിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. മുടങ്ങിയതും പാതിവഴിയിൽ നിലച്ചതുമായ വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ നടന്നത്. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്ക് പുതിയ വീടുകൾ നിർമിച്ചു നൽകി.

 മൂന്നാംഘട്ടത്തിൽ ഫ്ളാറ്റ്

മൂന്നാം ഘട്ട നിർമ്മാണപ്രവർത്തനത്തിൽ ഭവനരഹിതർക്കുള്ള ഭവനസമുച്ചയമാണ് ( ഫ്ളാറ്റ്) നിർമിക്കുന്നത്. ഇതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥലമേറ്റെടുത്ത് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഭവന സമുച്ചയ നിർമാണത്തിന് ലഭ്യമായ ഭൂമിയിൽ പുന്നപ്ര, തഴക്കര, പള്ളിപ്പാട്, മണ്ണഞ്ചേരി എന്നിവിടങ്ങളിൽ നിർമ്മാണത്തിന് ഭരണാനുമതിയും ലഭിച്ചു. പട്ടികജാതി, പട്ടികവർഗ, മത്സ്യതൊഴിലാളി വിഭാഗങ്ങളിൽ ലിസ്റ്റിൽ നിന്നും പലകാരണങ്ങളാൽ ഒഴിവാക്കപ്പെട്ട ഭൂരഹിതരും ഭവന രഹിതരുമായവരെ ഉൾപ്പെടുത്താനും മിഷൻ തീരുമാനിച്ചു.


പട്ടികജാതി, പട്ടികവർഗ, മത്സ്യതൊഴിലാളി വിഭാഗങ്ങളിൽ ലിസ്റ്റിൽ നിന്നും പലകാരണങ്ങളാൽ ഒഴിവാക്കപ്പെട്ട ഭൂരഹിതരും ഭവന രഹിതരുമായവർ അടുത്ത ആഴ്ച തന്നെ പഞ്ചായത്തുകളിലും നഗരസഭകളിലും അപേക്ഷ സമർപ്പിച്ചാൽ തുടർനടപടികൾ സ്വീകരിക്കും

പി.പി. ഉദയസിംഹൻ

ലൈഫ് മിഷൻ ജില്ല കോ ഓർഡിനേറ്റർ

ലൈഫ് മിഷൻ ജില്ലയിൽ

ഒന്നാം ഘട്ടത്തിൽ 2699 വീടുകൾ

രണ്ടാം ഘട്ടത്തിൽ 5423 വീടുകൾ

പി.എം.എ.വൈ ലൈഫ് ഗ്രാമങ്ങളിൽ 705 വീടുകൾ

പി.എം.എ. വൈ ലൈഫ് നഗരങ്ങളിൽ 1270 വീടുകൾ

ഫ്ളാറ്റിൻെറ ലിസ്റ്റിൽ 19,365 പേർ

അർഹത നേടിയത് 7025 പേർ