അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട് മാലിന്യ പ്രശ്നം പരിഹരിക്കാൻ 23കോടിയുടെ പദ്ധതിയായി എന്ന് മന്ത്രി ജി.സുധാകരൻ പറയുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്നു ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ 13വർഷക്കാലമായിഅമ്പലപ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടും കാപ്പിത്തോടിനുവേണ്ടി പ്രഖ്യാപനങ്ങൾ അല്ലാതെ ഒന്നും ചെയ്യാത്ത മന്ത്രി ഇപ്പോൾ ജനകീയസഭയുമായി ഇറങ്ങിയിരിക്കുന്നത് ജനത്തെ കബളിപ്പിക്കാനാണ് എന്നും ബി.ജെ.പി യോഗം അഭിപ്രായപ്പെട്ടു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, നിയോജക മണ്ഡലം ഭാരവാഹികളായ കെ. അനിൽകുമാർ, പി. ലിജു, വി. ബാബുരാജ്, ബിജു തുണ്ടിൽ, കരുമാടി ഗോപകുമാർ, കെ. പ്രദീപ്, ആർ. കണ്ണൻ, പ്രസാദ് ഗോകുലം,അരുൺ അനിരുദ്ധൻ ബിന്ദു ഷാജി, കെ. ശിവരാമൻ എന്നിവർ സംസാരിച്ചു.