ഹരിപ്പാട്: ക്ഷേത്ര നഗരിയിലേക്ക് 23 വർഷത്തിന് ശേഷം വിരുന്നെത്തിയ കലോത്സവത്തിന് ശുഭ പര്യവസാനം. കാസർകോട്ട് 28 മുതൽ ഡിസംബർ ഒന്നുവരെ നടക്കുന്ന സംസ്ഥാന കലോത്സവ വേദിയിൽ കണ്ടുമുട്ടാമെന്നു പറഞ്ഞ് വിജയികൾ ഹരിപ്പാട്ടു നിന്ന് വഴിപിരിഞ്ഞപ്പോൾ, നാലുനാൾ നീണ്ടുനിന്ന കലാവസന്തത്തിനാണ് തിരശീല വീണത്.

കനത്തമഴയിൽ ചെളിക്കുണ്ടായ പ്രധാന വേദി മാറ്റിക്കൊണ്ട്, കല്ലുകടിയോടെ തുടങ്ങിയ കലോത്സവം തുടർന്നുള്ള ദിവസങ്ങളിൽ കലാപ്രേമികൾ ഏറ്റെടുത്തെന്നു പറയാം. സംഘാടനത്തിൽ സംഭവിച്ച ചെറിയ പാളിച്ചകൾ ഒഴിച്ചു നിറുത്തിയാൽ കലാപരമായി എല്ലാവിധത്തിലും മികച്ചു നിന്നു ജില്ലാ കലോത്സവം. ജില്ലയിൽ നിന്നുള്ള ഏറ്റവും മികച്ച കലാകാരന്മാരെ തിരഞ്ഞെടുത്ത് സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴയുടെ അഭിമാനം ഉയർത്തിപ്പിടിക്കുമെന്നാണ് സംഘാടകരുടെ വാക്ക്.

ഇടയ്ക്കിടയ്ക്ക് എത്തിയ മഴയിലും ആവേശം ചോരാതെ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു കലോത്സവം. പ്രശസ്തരായ നിരവധി കലാകാരന്മാരുള്ള ഹരിപ്പാട്ട് നടന്ന ഈ കലോത്സവത്തിൽ കഴിവ് തെളിയിച്ചവരിൽ നിന്നു പുത്തൻ താരോദയങ്ങൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. വിജയിച്ചവർക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാനും, പിന്നിലായവർക്ക് കൂടുതൽ ശക്തിയോടെ വരും വർഷങ്ങളിൽ പോരാട്ടത്തിന് എത്താനുമുള്ള ഊർജ്ജം സമ്മാനിച്ച കലോത്സവത്തോട് നന്ദി പറഞ്ഞാണ് രക്ഷിതാക്കളും മത്സരാർത്ഥികളും മടങ്ങിയത്.