പ്രവർത്തനങ്ങളും പ്രദർശനങ്ങളും കാണാം
അമ്പലപ്പുഴ: ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ 26ന് ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി പുന്നപ്ര മിൽമയിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് മിൽമ ഡയറക്ടർ ബോർഡ് മെമ്പർ കരുമാടി മുരളി, മാർക്കറ്റിംഗ് മാനേജർ ബി. സുരേഷ് കുമാർ, മിൽമ മാനേജർ ഫിലിപ്പ് തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
25, 26 തീയതികളിൽ മിൽമ ഡയറി സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽ കാണാം. ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാവും. മിൽമ ഉത്പന്നങ്ങൾ 20 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. ഒരു ലക്ഷം ലിറ്ററോളം പാൽ പ്രതിദിനം 1500 ഏജൻസികൾ വഴി പുന്നപ്ര മിൽമ വിപണനം ചെയ്യുന്നുണ്ട്.പാസ്ചുറൈസ്ഡ് ഹോമോജി നൈസ്ഡ് ടോൺഡ് പാൽ വിറ്റാമിൻ എ യും വിറ്റാമിൻ ഡി യും ചേർത്ത് പോഷക ഗുണം വർദ്ധിപ്പിച്ച് ഫുഡ് സേഫ്ടി നിയമപ്രകാരം ന്യൂട്രിഷൻ ഉറപ്പാക്കിയാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുലവണങ്ങൾ, വിറ്റാമിനുകൾ എന്നിവ ചേർത്ത് നിർമ്മിക്കപ്പെട്ട നെയ്യ്, വെണ്ണ, പേട, ഐസ് ക്രീം, കൊഴുപ്പ് ഇല്ലാത്ത തൈര് തുടങ്ങിയവയും മിൽമ വിപണിയിൽ എത്തിക്കുന്നു.
എല്ലാ ഏജൻസികൾക്കും ഹെൽത്ത് ഇൻഷ്വറൻസ് കാർഡ് നൽകിയിട്ടുണ്ട്. ദിവസം നാലര കോടി രൂപ പാൽ വിലയായി നൽകുന്നു. വിറ്റുവരവിന്റ 84 ശതമാനവും ക്ഷീര കർഷകർക്ക് തന്നെയാണ് നൽകുന്നത്. പ്രതിവർഷം 3500 കോടി രുപയുടെ വിറ്റുവരവ് മിൽമയ്ക്ക് കേരളത്തിലുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.എസ്. മുരുകൻ, രാജീവ് എന്നിവരും പങ്കെടുത്തു.