ചാരുംമൂട്: ക്ളാസ് റൂമിന് മുന്നിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്രായി ഉപയോഗിച്ച തടിക്കഷണം തലയിൽ വീണ് ആറാം ക്ളാസുകാരന് ദാരുണാന്ത്യം. ചുനക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി, പുതുപ്പള്ളി കുന്നം വിനോദ് ഭവനത്തിൽ വിനോദിന്റെയും (സന്തോഷ്) ധന്യയുടെയും മകൻ നവനീതാണ് (11) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ബാറ്റ് ചെയ്യുകയായിരുന്ന കുട്ടിയുടെ കൈയിൽ നിന്ന് തെറിച്ച തടിക്കഷണം മുകളിലെ ഗ്രൗണ്ടിൽ നിന്നു താഴേക്കു തെറിച്ച്, നടന്നുവന്ന നവനീതിന്റെ തലയ്ക്കി പിന്നിൽ കൊള്ളുകയായിരുന്നു. കുട്ടി പത്തടിയോളം മുന്നോട്ടു നടന്ന് കുഴഞ്ഞു വീണു. തുടർന്ന് ഛർദ്ദിച്ച് ബോധരഹിതനായി.
അദ്ധ്യാപകർ ഉടൻ ചുനക്കര ഹെൽത്ത് സെന്ററിലും, അവിടെ നിന്ന് കായംകുളം താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.
മൃതദേഹ പരിശോധനയിൽ തലയിൽ ക്ഷതമേറ്റ പാട് കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കുറത്തികാട് പൊലീസ് കേസെടുത്തു. ഒന്നാം ക്ലാസ് വിദ്യാർത്ഥി നവീൻ ആണ് നവനീതിന്റെ സഹോദരൻ.