മാന്നാർ : വെണ്മണി കോടുകുളഞ്ഞി കരോട് ആഞ്ഞലിമൂട്ടിൽ എ.പി ചെറിയാൻ (കുഞ്ഞുമോൻ75), ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് പൂർത്തിയായി. ബംഗ്‌ളാദേശ് സ്വദേശികളായ പ്രതികൾ ജുവൽ ഹസൻ (22) ,ലബലു ഹസൻ (36) എന്നിവരെ അന്വേഷണസംഘം ഇന്നലെ ഹരിപ്പാട് മജിസ്ട്രട്ട് കോടതിയിൽ ഹാജരാക്കി. ഇവരെ 30 വരെ ജയിലിലടച്ചു. 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കിയതുകൊണ്ടാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം പ്രതികളെ ഇവർ താമസിച്ചിരുന്ന വീട്ടിലും കൊല നടന്ന ദിവസം ഇവർ ചായയും ഭക്ഷണവും കഴിച്ച ഹോട്ടലിലും എത്തിച്ച് തെളിവുകൾ ശേഖരിച്ചു. ചായ കുടിച്ച ശേഷം ഇരുവരും ആഞ്ഞിലിമൂട്ടിലെ ചെറിയാന്റെ വീട്ടിൽവൈകിട്ട് മൂന്ന് മണിയോടെയാണ് എത്തിയത്. പിന്നീടാണ് കൊല ചെയ്യാൻ പദ്ധതി തയ്യാറാക്കിയതെന്ന് പ്രതികൾ പറഞ്ഞു.കൊലപാതകത്തിനു ശേഷം പ്രതികൾ ഇരുവരും പെരുമഴയത്ത് നടന്നു പോകുന്നത് കണ്ടതായി സമീപവാസിയായ വീട്ടമ്മ പൊലീസിനു മൊഴി നൽകിയിരുന്നു. കൊലക്കുശേഷം പ്രതികളേയും കൊണ്ട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോയ ഓട്ടോറിക്ഷാ ഡ്രൈവർ പ്രതികളേയും ഇവരുടെ കൈവശം ഉണ്ടായിരുന്ന തോൾ ബാഗും തിരിച്ചറിഞ്ഞു.