ആലപ്പുഴ: കേന്ദ സർക്കാരിന്റെ സ്‌കീം ഒഫ് ഫണ്ട്‌ ഫോർ റീ ജനറേഷൻ ഒഫ് ട്രഡിഷണൽ ഇൻഡസ്ട്രീസ് പദ്ധതിയുടെ കീഴിൽ 40 ഓളം കയർ ക്ലസ്റ്ററുകൾ തിരഞ്ഞെടുത്തു.

അമ്പലപ്പുഴ താലൂക്കിലെ 13 ചെറുകിട കയർ ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മയായ അമ്പലപ്പുഴ താലൂക്ക് കയർ ക്ളസ്റ്റർ വികസന സൊസൈറ്റിയുടെ ഭാഗമായി 2500 ഓളം ചെറുകിട മാറ്റ്‌സ് ആൻഡ് മാറ്റിംഗ് യൂണിറ്റുകൾ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. ഈ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന ചകിരിത്തടുക്ക്, പപ്പട തടുക്ക് , കയറ്റുപായ തുടങ്ങിയ ഇനങ്ങൾക്ക് വിദേശ വിപണിയിലും ആഭ്യന്തര വിപണിയിലും ഡിമാൻഡ് കുറവായതുകൊണ്ട് ഉത്പാദനം നിലച്ചമട്ടാണ്. ഇതിന് പരിഹാരമായിട്ടാണ് സൊസൈറ്റിയുടെ കീഴിൽ താലൂക്ക് കയർ ക്ലസ്റ്റർ വികസന പദ്ധതി രൂപീകരിച്ചത്. 1.73 കോടി രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയിൽ 4 കയർ ജിയോ ടെക്സ്റ്റെൽസ് യന്ത്രത്തറികളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് പൊതുസേവനകേന്ദ്രമായി പ്രവർത്തിപ്പിക്കും.

പദ്ധതിയുടെ ഉദ്ഘാടനം 26ന് രാവിലെ 11.30 ന് പാതിരപ്പള്ളി എയ്ഞ്ചൽ കിംഗ് ആഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പദ്ധതിയുടെയും റോ മെറ്റീരിയൽ ബാങ്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. എസ്.പി.വി പ്രസിഡന്റ് എം.പി.പവിത്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ വെബ്‌സൈറ്റ് പ്രകാശനവും കയർബോർഡ് സെക്രട്ടറി കുമാരരാജ ബോധവത്കരണ ക്ലാസ് ഉദ്ഘാടനവും നിർവ്വഹിക്കും.