s

 കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ധാരണ

ആലപ്പുഴ: രാജ്യത്തെ പ്രധാന റോഡുകളുടെ നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ ഉപരിതല ഗതാഗത മന്ത്രാലയവും കയർ വകുപ്പും ധാരണയിലെത്തി. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് കയർ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരുമായി മന്ത്രി ഡോ. ടി.എം.തോമസ് ഐസക്, കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇടക്കാലത്ത് മാന്ദ്യത്തിലായ കയർപായ ഉത്പന്നങ്ങൾക്ക് ശക്തമായ കമ്പോളം ഉറപ്പാക്കാൻ നിലവിൽ സാധിക്കുന്നുണ്ട്. 2016-18 കാലയളവിൽ ഏകദേശം 100 കോടിയുടെ കയർ വലപ്പായ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ഗ്രാമപഞ്ചായത്തുകൾ വഴി വിതരണം ചെയ്തു. കഴിഞ്ഞ കയർ കേരളയിൽ ഗ്രാമപഞ്ചായത്ത് അധികൃതരെ പങ്കെടുപ്പിച്ചാണ് കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം വ്യാപിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടത്. ഈ കയർ കേരളയിലും അതേ ലക്ഷ്യത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്.

കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം ദേശീയതലത്തിലും കയർ ഭൂവസ്ത്രത്തിന് പ്രസക്തി വർദ്ധിക്കുന്ന തീരുമാനമാണ് ദേശീയ പാതകളുടെ നിർമ്മാണത്തിലെ പങ്കാളിത്തത്തിലൂടെ ഉറപ്പാകുന്നത്. മണ്ണിടിച്ചിൽ തടയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കയർ ഭൂവസ്ത്രം കാര്യക്ഷമമായി ഉപയോഗിക്കാനാകും. കയർ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകാൻ ഇതിലൂടെ സാധിക്കുമെന്നു കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ പറഞ്ഞു.