അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ ഇന്നലെ പുലർച്ചെ, എം സാൻഡ് കയറ്റി വന്ന ടോറസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ടാങ്കറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് പുലർച്ചെ അഞ്ചു മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാവിലെ 9 മണിവരെ നീണ്ടു. വടക്ക് അമ്പലപ്പുഴ വരെയും തെക്ക് ഹരിപ്പാട് വരെയും നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് വലഞ്ഞത് പി.എസ്.സി പരീക്ഷ എഴുതാൻ പോയ ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ്.
കൊല്ലം കുഴിക്കേലത്തു വീട്ടിൽ നൗഷാദ് (65), കൊല്ലം സൗപർണികയിൽ ശിവജി (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഭാഗത്തു നിന്നു വന്ന ടാങ്കറും എറണാകുളം ഭാഗത്തു നിന്നു വന്ന ടോറസുമാണ് കൂട്ടിയിടിച്ചത്.
പാലത്തിന്റെ മദ്ധ്യ ഭാഗത്തായാണ് അപകടം നടന്നത്. ഇതോടെ പാലത്തിൽത്തന്നെ ലോറികളുടെ ഇരു വശത്തുമായി നിരവധി വാഹനങ്ങൾ കുടുങ്ങി. അക്കരെയിക്കരെ പോകാൻ സമാന്തരമായി ഒരു നടപ്പാത മാത്രമാണ് ഉണ്ടായിരുന്നത്. ഇരുചക്ര വാഹന യാത്രക്കാർ ഇതുവഴി തിക്കിത്തിരക്കി കടന്നുപോയി. ആലപ്പുഴ ഭാഗത്തു നിന്നു വന്ന വാഹനങ്ങൾ അമ്പലപ്പുഴ- തിരുവല്ല റോഡിലൂടെയും, കഞ്ഞിപ്പാടം റോഡിലൂടെയും തെക്കു നിന്നു വന്ന വാഹനങ്ങൾ വീയപുരം, എടത്വ വഴിയും തിരിച്ചുവിട്ട് പൊലീസ് ഗതാഗതം നിയന്ത്രിച്ചു. അഗ്നിശമന സേനയും, പൊലീസും, നാട്ടുകാരും ജെ.സി.ബി, ക്രെയിൻ എന്നിവ ഉപയോഗിച്ച് രാവിലെ ഒമ്പതോടെടെ വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.