നേതാക്കളെ പുറത്താക്കി എസ്.എഫ്.ഐ
ആലപ്പുഴ: എസ്.ഡി കോളേജിൽ സഹപ്രവർത്തകന്റെ തലയടിച്ചു പൊട്ടിച്ച കേസിൽ പിടിയിലായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അജയ് ചക്രവർത്തി, ജോയിന്റ് സെക്രട്ടറി അഭിജിത്ത് എന്നിവരെ റിമാൻഡ് ചെയ്തു. ഇരുവരെയും സംഘടനയിൽ നിന്ന് പുറത്താക്കിയ ജില്ലാ കമ്മിറ്റിയുടെ നിലപാടിനെതിരെ കോളേജ് യൂണിയൻ ചെയർമാൻ രംഗത്തെത്തി. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാകമ്മിറ്റിയുടേതെന്ന വിമർശനമാണ് ചെയർമാൻ ഉന്നയിച്ചത്.
എസ്.എഫ്.ഐക്കാർ തമ്മിലുണ്ടായ സംഖർഷത്തിൽ യൂണിറ്റ് അംഗമായ സൽമാന്റെ തലയ്ക്കാണ് അടിയേറ്റത്. സംഭവത്തിൽ അജയ് ചക്രവർത്തി, അഭിജിത്ത് എന്നിവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ അറസ്റ്റിലായ പ്രതികളെ കോളേജിൽ എത്തിച്ച് തെളിവെടുത്തു. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം ഉണ്ടായത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മറ്റ് നാല് പേർക്കും പരിക്കേറ്റിരുന്നു. ഏരിയാ കമ്മിറ്റി അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് യൂണിറ്റ് കമ്മിറ്റിയുടെ ആരോപണം. മർദ്ദനമേറ്റ സൽമാൻ അടക്കമുള്ള ഒരു വിഭാഗം യൂണിറ്റ് കമ്മിറ്റിയെ വകവയ്ക്കാതെ ഏരിയാ കമ്മിറ്റിയുടെ അജണ്ടകൾ നടപ്പാക്കുന്നുവെന്നാണ് ആരോപണം.ഏറെ നാളായി എസ്ഡി കോളേജ് യൂണിറ്റും എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയും തമ്മിൽ കടുത്ത അഭിപായ ഭിന്നതയുണ്ട്.. പ്രശ്നങ്ങൾ പരിഹരിക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിക്കെതിരെ കടുത്ത നിലപാട് തുടരാനാണ് എസ്.ഡി കോളേജ് യൂണിറ്റ് ഭാരവാഹികളുടെ തീരുമാനമെന്നറിയുന്നു.