നവനീതിന്റെ നാടിന്റെ യാത്രാമൊഴി
ചാരുംമൂട്: സൈക്കിളിൽ സ്കൂളിലേക്കു തിരിച്ച നവനീത്, പോസ്റ്റ്മോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയ വിറങ്ങലിച്ചൊരു ശരീരമായി ഇന്നലെ ആംബുലൻസിൽ മടങ്ങിവന്നപ്പോൾ വിതുമ്പൽ അടക്കിനിറുത്താൻ കഴിഞ്ഞവരായി ആരുമുണ്ടായിരുന്നില്ല ആ നാട്ടിൽ.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ്, നവനീത് പഠിച്ച ചുനക്കര ഗവ. ഹൈസ്കൂളിൽ പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് മൃതദേഹം പൊതുദർശനത്തിന് എത്തിച്ചത്. സഹപാഠികളും അദ്ധ്യാപകരും പൊട്ടിക്കരഞ്ഞുകൊണ്ട് അന്തിമോപചാരം അർപ്പിച്ചു. അര മണിക്കൂർ പൊതുദർശനത്തിന് ശേഷം നവനീതിന്റെ വീട്ടിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുവന്നു.
വീട്ടുമുറ്റത്ത് ആംബുലൻസ് എത്തിയതോടെ നാടൊന്നാകെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒഴുകിയെത്തിയത്. ഈ സമയം അച്ഛൻ വിനോദും അമ്മ ധന്യയും പൊട്ടിക്കരഞ്ഞത് സങ്കടക്കടലായി അവിടമാകെ അലയടിച്ചു. അവരെ ആശ്വസിപ്പിക്കാനാവാതെ ബന്ധുജനങ്ങൾ നിസഹായരായി. കളിക്കൂട്ടുകാരൻ കൂടിയായ ജ്യേഷ്ഠൻ ഇനിയില്ലെന്ന യാഥാർത്ഥ്യം പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയാത്ത ഇളയ സഹോദരൻ, ഒന്നാം ക്ളാസുകാരനായ നവീൻ ചിതയ്ക്ക് തീകൊളുത്തിയപ്പോഴും കണ്ണീർമഴ തോർന്നിരുന്നില്ല.
പുതുപ്പള്ളി കുന്നം വിനോദ് ഭവനിൽ വിനോദിന്റെയും സന്ധ്യയുടെയും മകനായ ആറാം ക്ളാസുകാരൻ നവനീത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ക്ളാസ് മുറിയുടെ മുന്നിൽ മറ്റുകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടയിലൂടെ നടന്നു വരുമ്പോൾ, ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷ്ണം തലയിൽ കൊണ്ട് ആന്തരിക രക്തസ്രാവം മൂലം മരിച്ചത്.
മരണ കാരണം റൊട്ടേഷണൽ ഇൻജ്വറി?
നവനീതിന്റെ മരണ കാരണം റൊട്ടേഷണൽ ഇൻജ്വറിയാണെന്ന് നിഗമനം. അവിചാരിതമായി കഴുത്ത് ഒരു വശത്തേക്ക് വെട്ടിത്തിരിക്കുമ്പോൾ കഴുത്തിൽ നിന്ന് തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടാവുന്നതാണ് റൊട്ടേഷണൽ ഇൻജ്വറി. ഉടൻതന്നെ മരണം സംഭവിക്കും. ക്രിക്കറ്റ് കളിച്ച കുട്ടികൾ ബാറ്റായി ഉപയോഗിച്ച തടിക്കഷ്ണം തലയിൽ കൊണ്ടതിന്റെ ക്ഷതം പ്രകടമായി കാണാനില്ലെന്ന് ആദ്യം പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.