 ജില്ലയിൽ നെല്ലു സംഭരണം മെല്ലെമെല്ലെ

ആലപ്പുഴ: വിളവെടുപ്പ് പൂർത്തിയായിട്ടും രണ്ടാം കൃഷിയിലെ നെല്ലുസംഭരണം ഇഴയുന്നത് കരിനില പാടശേഖരങ്ങളിലെയും കുട്ടനാട്, അപ്പർകുട്ടനാട് പാടങ്ങളിലെയും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്ത് ഇതിനോടകം 98.80 മെട്രിക് ടൺ (98,800 കിലോ) നെല്ലാണ് സംഭരിച്ചത്. ആലപ്പുഴ ജില്ലയിൽ കൊയ്തെടുത്ത നെല്ലിൽ 84.7 മെട്രിക് ടൺ സംഭരിച്ചു. അതായത് 75 ശതമാനം.

കുട്ടനാടൻ പാടശേഖരങ്ങളിൽ പല കൃഷിഭവനുകളുടെയും പരിധിയിൽ നെല്ല് കെട്ടിക്കിടക്കുന്നുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ നനഞ്ഞ് നെല്ല് കിളിർക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. നനവിന്റെ പേരിൽ ക്വിന്റലിന് രണ്ടുമുതൽ അഞ്ച് കിലോവരെ കിഴിവ് അനുവദിച്ചാണ് കർഷകർ നെല്ല് നൽകുന്നത്. ആലപ്പുഴ നഗരസഭ, പുറക്കാട്, കരുവാറ്റ, തകഴി, ചമ്പക്കുളം, നെടുമുടി കൃഷിഭവനുകളുടെ പരിധിയിലുള്ള ചില പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം വൈകുന്നത്.

ചെറുകിട മില്ലുകൾക്കാണ് സംഭരണച്ചുമതല. മഴയെ തുടർന്ന് റോഡരികിൽ നെല്ല് എത്തിക്കാനുള്ള കാലതാമസവും മില്ലുകാരുടെ ഗോഡൗൺ സൗകര്യത്തിന്റെ അപര്യാപ്തതയും സംഭരണം വൈകിപ്പിക്കുന്നു. കുട്ടനാട്ടിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മിക്കദിവസങ്ങളിലും നേരിയ മഴ അനുഭവപ്പെടുന്നുണ്ട്. മഴ പെയ്യുമ്പോൾ നെല്ല് നനയാതെ മൂടിയിടാനായി പാടശേഖരത്തിൽ കർഷകർ കാവലിരിക്കേണ്ട അവസ്ഥയാണ്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ മടവീഴ്ചയും വെള്ളപ്പൊക്കവും കർഷകരെ ബുദ്ധിമുട്ടിച്ചിരുന്നു.

# വില വൈകുന്നു

നെല്ല് സംഭരണം പൂർത്തിയായ പാടശേഖരങ്ങളിലെ കർഷകരാകട്ടെ വില കിട്ടാതെ വലയുന്നു. സപ്‌ളൈകോ സംഭരിച്ച നെല്ലിന്റെ വിലയായി നൽകിയ പി.ആർ.എസ് പ്രകാരം (പാഡി റെസീപ്റ്റ് ഷീറ്റ്‌സ്) ദേശസാൽകൃത ബാങ്കുകൾ വിതരണം ചെയ്ത തുകയായ 1400 കോടി രൂപ സപ്‌ളൈകോ തിരിച്ചടയ്ക്കാത്തതിനാൽ ഇപ്പോൾ സംഭരിച്ച നെല്ലിന്റെ വില മുടങ്ങുന്ന അവസ്ഥയാണ്. സപ്‌ളൈകോ സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷൻ കടകളിൽ എത്തിച്ച്, കാർഡുടമകൾ വിരലടയാളം പതിച്ച് റേഷൻ വാങ്ങിയാൽ മാത്രമേ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ. ഉപഭോക്താക്കൾ അരി വാങ്ങുന്നതിന്റെ അളവ് കുറഞ്ഞാൽ അത് അനുസരിച്ചുള്ള തുകയായിരിക്കും കേന്ദ്രവിഹിതമായി ലഭിക്കുക. പി.ആർ.എസ് രസീതുകൾ ബാങ്കുകൾ ഇത്തവണ സ്വീകരിക്കുന്നുമില്ല. ഇത് നെല്ല് വില വിതരണത്തിന് തടസമായി. ഇത്തവണ 26.95 രൂപയ്ക്കാണ് ഒരു കിലോ നെല്ല് സംഭരിക്കുന്നത്. അര ലക്ഷത്തോളം കർഷകരിൽ നിന്ന് ഇതിനോടകം നെല്ല് സംഭരിച്ചിട്ടുണ്ട്.

...............................................

# 7000 ഹെക്ടർ: പ്രളയാനന്തരം രണ്ടാംകൃഷി

# 35,000 ടൺ നെല്ല്: കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കിട്ടിയേക്കാം

# 600: കുട്ടനാട്ടിലെ രണ്ടാം കൃഷി പാടങ്ങൾ

# 30,000 ഹെക്ടർ: കുട്ടനാട്ടിലെ രണ്ടാംകൃഷി വിസ്തൃതി

# 3742 ടൺ: സർക്കാർ സൗജന്യമായി നൽകിയ നെൽവിത്ത്

...................................................

# ലക്ഷ്യം 1.75 ലക്ഷം മെട്രിക് ടൺ

പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് 1.75 ലക്ഷം മെട്രിക് ടൺ (17.5 കോടി കിലോ) നെല്ല് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 75 ശതമാനവും പാലക്കാട് ജില്ലയിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്.

..................................

'എത്രയും പെട്ടെന്ന് നെല്ല് സംഭരണം പൂർത്തിയാക്കിയില്ലെങ്കിൽ ഞങ്ങളുടെ അദ്ധ്വാനം പാഴാകുന്ന സ്ഥിതിയാവും. അധികൃതർ ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നാണ് അഭ്യർത്ഥന'

(കർഷകർ)