കുട്ടനാടിനായി നിർമ്മിച്ച ബോട്ടുകൾ അവിടെ സർവീസ് നടത്തുന്നില്ല
കുട്ടനാടിന് യോജിച്ച നിർമ്മാണമല്ലെന്ന് ആരോപണം
പൂച്ചാക്കൽ : കുട്ടനാട്ടിലെ യാത്രക്കാർക്കായി നീറ്റിലിറക്കിയ 'ലക്ഷ്യ" ബോട്ടുകൾ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം കുട്ടനാട്ടിൽ സർവീസ് നടത്തുന്നില്ല. ആകെയുള്ള അഞ്ച് ബോട്ടുകളിൽ രണ്ടെണ്ണം വീതം എറണാകുളത്തും വൈക്കത്തുമായി സർവീസ് നടത്തുകയാണ് ഇപ്പോൾ. ഒരെണ്ണം തകരാറിലായതിനെ തുടർന്ന് പാണാവള്ളി ജെട്ടിയിൽ കെട്ടിയിരിക്കുന്നു.
കുട്ടനാട്ടിലെ ജെട്ടികളിൽ അടുപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലല്ല ലക്ഷ്യ ബോട്ടുകളുടെ നിർമ്മാണം. ആഴക്കുറവുള്ള ഭാഗങ്ങളിൽ സർവ്വീസ് നടത്തുമ്പോൾ അടിവശം തട്ടുകയും ചുക്കായം ഉൾപ്പെടുന്ന ബ്രാക്കറ്റ് ഭാഗം തകരാറിലാകുകയും ചെയ്യും. തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകാൻ തുടങ്ങിയതോടെ ലക്ഷ്യയുടെ സർവീസുകളെ ബാധിച്ചു . നിർമ്മാണത്തിലെ പോരായ്മകൾ മൂലമാണ് തകരാറുകൾ ഉണ്ടാകുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. കേടായതിനെത്തുടർന്ന് പാണാവള്ളി ജെട്ടിയിൽ കെട്ടിയിരിക്കുന്ന ലക്ഷ്യ ബോട്ടിന് ദിശ നിർണയിക്കുന്ന ചുക്കായം ഉൾപ്പെടുന്ന ഭാഗത്തിനാണ് തകരാറ്.
ഒരു മാസമായി 'വേഗ"യുമില്ല
വൈക്കം -എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന വേഗ ബോട്ട് മുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. വാർഷിക അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ മാസം 21 ന് സർവീസ് നിർത്തിയപ്പോൾ ഒരാഴ്ചയ്ക്കകം പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഒരുമാസം പിന്നിട്ടിട്ടും ബോട്ടെത്തിയില്ല. ദിവസേന രാവിലെ വൈക്കത്തുനിന്ന് എറണാകുളത്തേക്കും വൈകിട്ട് തിരിച്ചും സർവീസ് നടത്തിയിരുന്ന വേഗ മുടങ്ങിയത് ജീവനക്കാരെയും വിദ്യാർത്ഥികളെയും വലയ്ക്കുന്നു.
"ലക്ഷ്യ ബോട്ടുകൾക്ക് തുടർച്ചയായി തകരാറുകൾ ഉണ്ടാകുന്നത് നിർമാണത്തിലെ അപാകതകൾ കാരണമാണോയെന്ന് സംശയമുണ്ട്. ഇതിന്റെ നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുവാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്" -
കെ ആർ സോമനാഥൻ, പ്രസിഡന്റ് ,പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ
വേഗ ബോട്ടിന്റെ വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഇന്നലെ ട്രയൽ റൺ നടത്തി. ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും.
-എം.സുജിത്ത് ട്രാഫിക്ക് സൂപ്രണ്ട്, എറണാകുളം
'ലക്ഷ്യ" ബോട്ടുകളിൽ
മനോഹരമായ സീറ്റുകൾ,
ശബ്ദവും വൈബ്രേഷനും കുറഞ്ഞ എൻജിൻ,
മികച്ച സുരക്ഷാ ഉപകരണങ്ങൾ,
മണിക്കൂറിൽ 16 കിലോമീറ്റർ വേഗത
നിർമ്മാണചുമതല വഹിച്ചത് സിൽക്ക്