നടപടികൾ ഇഴഞ്ഞുനീങ്ങുന്നു
ചേർത്തല: ഫയലുകൾ നീങ്ങുന്നതിലെ കാലതാമസം കാരണം വടക്കേ അങ്ങാടി കവല വികസനം അനന്തമായി നീളുന്നു. 2018 ഡിസംബറിൽ ആരംഭിച്ച സ്ഥലം കൈമാറൽ ഒരു വർഷമാകുമ്പോഴും പൂർത്തിയാക്കാനായില്ല. ഒച്ചിഴയും വേഗതയിലാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ.
43 സെന്റ് സ്ഥലം ഏറ്റെടുക്കാനായി 27 പ്രമാണങ്ങളാണ് നടത്തേണ്ടത്.14പേരുടെ പ്രമാണങ്ങളുടെ രജിസ്ട്രേഷൻ മാത്രമാണ് ഇതുവരെ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത്. എട്ടു പ്രമാണങ്ങളുടെ രേഖകളിൽ വ്യക്തതയില്ലാത്തതിനാൽ ലാൻഡ് അക്വിസിഷൻ നടപടികൾക്കായി അവ പൊതുമരാമത്ത് റോഡ്സ് എക്സിക്യുട്ടിവ് എൻജിനിയറുടെ ഓഫീസിലാണിപ്പോൾ.
3 സ്ഥല ഉടമകൾ കൂടുതൽ തുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
വികസനത്തിനായി ഏറ്റെടുക്കുന്ന 65 കടമുറികൾ ഒഴിഞ്ഞ് താക്കോൽ കൈമാറി. ഇവിടെ ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് നഷ്ടപരിഹാരവും നൽകി. ഭൂമിയേറ്റെടുക്കുന്നതിന് 5.81 കോടി ഉൾപ്പെടെ സർക്കാർ 8.5 കോടിയും മന്ത്രി പി.തിലോത്തമന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് രണ്ടു കോടിയും അനുവദിച്ചാണ് കവല വികസനം പൂർത്തിയാക്കുക. വികസനത്തിന് തടസമായിട്ടുള്ള ട്രാൻസ്ഫോർമറും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനായി ആറു മാസം മുമ്പ് കെ.എസ്.ഇ.ബിയിൽ 17 ലക്ഷം രൂപ അടച്ചെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണമേഖ ആൾ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ ചേർത്തല താലൂക്ക് ലീഗൽ സെൽ ജഡ്ജി മുമ്പാകെ പൊതുതാത്പര്യ ഹർജി നൽകി.
തുടക്കം 2013ൽ
2013 മാർച്ച് 13നാണ് കവല വികസനത്തിനുള്ള നടപടി ആരംഭിച്ചത്. കടകൾ നഷ്ടപ്പെടുന്ന വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തു നിന്നും സ്ഥലം ഉടമകളുടെ ഭാഗത്തു നിന്നും പ്രതിഷേധ സമരങ്ങൾ ഉണ്ടായി. അവസാനം മന്ത്രി പി. തിലോത്തമൻ മുൻകൈയെടുത്ത് കൂടിയാലോചനകൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. നാറ്റ്പാക്കാണ് കവല വികസനത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
സ്ഥലം ഏറ്റെടുക്കേണ്ടത്
നീളം
കിഴക്ക്,പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് 60 മീറ്റർ
തെക്ക്,വടക്ക് ഭാഗങ്ങളിലേക്ക് 50 മീറ്റർ
വീതി
കവലയിൽ 25 മീറ്റർ
വശങ്ങളിലേയ്ക്ക് 15 മീറ്റർ
പദ്ധതി ഒറ്റനോട്ടത്തിൽ
43 : ആകെ ഏറ്റെടുക്കേണ്ടത് 43 സെന്റ് സ്ഥലം
27 : പ്രമാണങ്ങൾ നത്തണം
14 : ഇതുവരെ നടന്നത് 14 പ്രമാണങ്ങൾ
5.81: ഭൂമി ഏറ്റെടുക്കുന്നതിന് 5.81 കോടി
'' ചേർത്തല നഗരത്തിന്റെ മുഖഛായ മാറ്റുന്ന പ്രവർത്തനത്തിന് തടസം നിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.പൊതുനിരത്ത് വിഭാഗവും വൈദ്യുതി ബോർഡും സംയുക്തമായി പ്രവർത്തിച്ച് അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാക്കണം
വേളോർവട്ടം ശശികുമാർ,ദക്ഷിണമേഖ ഓൾ
പാസഞ്ചേഴ്‌സ് അസോ.ചെയർമാൻ