
 ആലപ്പുഴ നഗരത്തിൽ സൈക്കിളിൽ ഒരു വി.ഐ.പി യാത്ര
ആലപ്പുഴ: എന്തിനും ഏതിനും ബൈക്കിൽ കയറി പായുന്നവർക്ക് സൈക്കിളൊരു 'പഴഞ്ചൻ' സങ്കല്പമായതോടെ, സൈക്കിൾ യാത്രികർക്ക് വി.ഐ.പി പരിവേഷം നൽകിക്കൊണ്ട് ആലപ്പുഴ നഗരത്തിൽ ഒരു സവാരി. ഡെൽഹി ആസ്ഥാനമായ ഓസിയാനിക് ഓർഗനൈസേഷൻ, കോക്കോട്ട് സൈക്കിൾ, റോബിൻ സ്പോർട്ട്സ് സെന്റർ, ബീച്ച് റിസോർട്ട്, കൃഷ്ണ കാറ്ററിംഗ്, ആലപ്പുഴ എസ്.ഡി.വി സ്കൂൾ എന്നിവരുടെ സഹകരണത്തോടെയാണ് 'സൈക്ളിസ്റ്റ് ഇസ് എ വി.ഐ.പി' എന്ന പേരിൽ സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്‌സ് യാത്ര സംഘടിപ്പിച്ചത്.
ഇന്നലെ ആലപ്പുഴ ബീച്ചിൽ നിന്നാണ് മുപ്പതോളം പേരടങ്ങുന്ന സംഘം യാത്ര തുടങ്ങിയത്. മോട്ടോർവാഹനം ഉപയോഗിക്കുന്ന മലയാളികൾക്കിടയിൽ പഴയകാല യാത്രാവാഹനമായ സൈക്കിളിന്റെ ഉപയോഗം വർദ്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സൈക്കിൾ യാത്രക്കാർ നേരിടുന്ന അവഗണനകൾ കുറയ്ക്കുക, 18 വയസിനു മുകളിലുള്ളവരെ സൈക്കിൾ യാത്രയിലേക്ക് മടക്കിക്കൊണ്ടുവരിക, സൈക്കിൾ പാത ഒരുക്കുക എന്നീ ലക്ഷ്യങ്ങളും യാത്രയിലുണ്ടായിരുന്നു.
ആൾട്ടർനേറ്റീവ് ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന നിലയിൽ സൈക്കിൾ ഗതാഗതം പ്രാത്സാഹിപ്പിക്കാനാണ് യാത്ര സംഘടിപ്പിച്ചതെന്ന് പെഡൽ ഫോഴ്‌സ് സ്ഥാപകൻ തൃപ്പൂണിത്തുറ സ്വദേശി ജോബി രാജു, കോ ഓർഡിനേറ്റർമാരായ ബി. സ്വപ്ന, ജോവി ജോൺ എന്നിവർ പറഞ്ഞു. യാത്രയിൽ പങ്കെടുത്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത അജിൻ ജിയോ ബാബുവിനെ ബൈസിക്കിൾ ഹീറോ ആയി പ്രഖ്യാപിച്ച് സമ്മാനമായി സൈക്കിളും നൽകി. www.pedalforce.org എന്ന വെബ് സൈറ്റ് വഴി ഇവരുടെ കൂട്ടായ്മയിൽ അംഗമാകാനും അവസരമുണ്ട്