ആലപ്പുഴ: തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയ ആഭ്യന്തര- വിദേശ സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി കയർപിരി മത്സരം. കയർ കേരള 2019നു മുന്നോടിയായി ഇന്നലെ വൈകിട്ട് ആലപ്പുഴ കടൽ തീരത്താണ് കയർപിരി മത്സരം സംഘടിപ്പിച്ചത്.
കയറും കയർ ഉത്പന്നങ്ങളും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കയർ പിരിക്കുന്ന കാഴ്ച നവ്യാനുഭവമായി വിദേശികൾക്ക്. നീളവും ബലവുമുള്ള കയർ പലരും കണ്ടിട്ടുണ്ടെങ്കിലും വെറും കൈ മാത്രമുപയോഗിച്ച് നിമിഷ നേരം കൊണ്ട് ചടുലവേഗത്തിൽ ചകിരിനാരുകൾ പിരിച്ച് കയറാക്കി മാറ്റുന്ന പരമ്പരാഗത രീതി പുതിയ തലമുറയിലെ പലർക്കും അത്ഭുതക്കാഴ്ചയായി. നാടുകാണാനെത്തിയ വിദേശ വിനോദസഞ്ചാരികളും ആലപ്പുഴയുടെ കയർപ്പിരി കൈത്തഴക്കം നോക്കി നിന്നു. ജർമനിയിൽ നിന്നെത്തിയ എമിലിയും കരോലിനും കയർ തൊഴിലാളികൾക്കൊപ്പം കൈപ്പിരിയിലൊരു കൈ പയറ്റിനോക്കിയെങ്കിലും പിരിഞ്ഞ് കയറാകാതെ ചികിരനാരുകൾ പിണങ്ങി നിന്നു. എന്നാൽ അവരുടെ പങ്കാളിത്തം മൽസരാർത്ഥികൾക്ക് ആവേശമായി മാറി.
യന്ത്ര റാട്ടുകൾ വന്നതോടെ അന്യം നിന്നുകൊണ്ടിരിക്കുന്ന കയർ കൈപ്പിരി എന്താണെന്നും എങ്ങനെയാണെന്നും പുതിയ തലമുറയ്ക്ക് മനസിലാക്കിക്കൊടുക്കാനാണ് കയർ കേരളയുടെ ഭാഗമായി കൈപ്പിരി മത്സരം സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള 129 സ്ത്രീ തൊഴിലാളികളാണ് മത്സരത്തിൽ പങ്കെടുത്തത്. 43 പേർ വീതമുള്ള മൂന്നു ഗ്രൂപ്പകളാക്കി തിരിച്ച് ആദ്യം മത്സരം നടത്തിയ ശേഷം ഓരോ ഗ്രൂപ്പിലും ഒന്നാമതെത്തിയ പത്തു പേരെ വീതം തിരഞ്ഞെടുത്ത് 30 പേരെ അണിനിരത്തിയാണ് ഫൈനൽ മത്സരം നടത്തിയത്. 10 മിനിട്ടായിരുന്നു മത്സര സമയം. ഈ സമയംകൊണ്ട് ഏറ്റവും നീളത്തിലും ബലത്തിലും കയർ പിരിച്ചവരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. കയർഫെഡിൽ നിന്നുള്ള വിദഗ്ദ്ധരായിരുന്നു വിധികർത്താക്കൾ.
ഒന്നാം സമ്മാനമായ 5000 രൂപയ്ക്ക് അജിത ഷൺമുഖൻ അർഹയായി. നസീമ രണ്ടാം സമ്മാനമായ 2500 രൂപ നേടി. മൂന്നാം സമ്മാനമായ 1000 രൂപ സുകന്യയ്ക്ക് ലഭിച്ചു. പ്രത്യേകതയുള്ള കയർ പിരിച്ച തങ്കമ്മ കൊമ്മാടിക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. മുതിർന്ന കയർ തൊഴിലാളിയായ ദേവകിയമ്മ, കമലയമ്മ, മണിയമ്മ എന്നിവരാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലക്, കയർ മാറ്റ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ് ആർ.സുരേഷ്, ആർ.റിയാസ്, എ.റോഷ്ന എന്നിവർ സംസാരിച്ചു.