vella

ചാരുംമൂട്: സർക്കാർ ധനസഹായങ്ങൾ തുല്യ നീതിയോടെ നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. ചുനക്കര ഗവ. ഹൈസ്കൂളിൽ ക്രിക്കറ്റ് കളിക്കിടെ തടിക്കഷണം തലയിൽ പതിച്ച് മരിച്ച ആറാം ക്ലാസുകാരൻ നവനീതിന്റെ പുതുപ്പള്ളി കുന്നത്തുള്ള വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് സ്കൂളുകളിൽ ഉണ്ടായ അപകടമരണങ്ങളിലെ സർക്കാർ ഇടപെടലുകൾ പോലെ തന്നെ നവനീതിന്റെ കാര്യത്തിലും തുല്യ നീതിയോടെയുള്ള സമീപനം ഉണ്ടാവണം. സ്കൂളുകളുടെ അടിസ്ഥാന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അധികൃതർ ജാഗ്രത കാട്ടണം. നവനീതിന്റെ കുടുംബത്തിന് സർക്കാർ സഹായത്തിനായി ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറിക്കൊപ്പം കെ.എൽ. അശോകൻ, യോഗം ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല, മാവേലിക്കര മുൻ യൂണിയൻ സെക്രട്ടറി ബി. സത്യപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ജയകുമാർ പാറപ്പുറം, രാജൻ ഡ്രീംസ്, കായംകുളം യൂണിയൻ കൺവീനർ പ്രദീപ് ലാൽ, ഗോപൻ ആഞ്ഞിലിപ്ര, പുതുപ്പള്ളി കുന്നം ശാഖാ പ്രസിഡന്റ് ഗിരീഷ് അമ്മ, സെക്രട്ടറി മോഹനൻ, ഇടക്കുന്നം ശാഖാ പ്രസിഡന്റ് സദാനന്ദൻ, 322-ാം നമ്പർ ശാഖാ പ്രസിഡന്റ് രഞ്ജിത്ത് രവി, വി. വിഷ്ണു, വന്ദന സുരേഷ് എന്നിവരും ഉണ്ടായിരുന്നു.