ആലപ്പുഴ: കൈതവന ജംഗ്ഷനിൽ ട്രെയിലർ ലോറിയും കെ.എസ്.ആർ.ടി.സി സ്‌കാനിയയും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു. ട്രെയിലറിന്റെയും ബസിന്റെയും മുൻഭാഗം പൂർണ്ണമായി തകർന്നു. ട്രെയിലർ ഡ്രൈവറുടെയും ക്ലീനറുടെയും പരിക്ക് ഗുരുതരമാണ്. മൂവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവർ കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം വിമാൽ ബാജി (38), കണ്ടക്ടർ കൊല്ലം വടക്കേവിള മാടൻ നട ആദിത്യനഗർ 141ൽ നജീം (39), ട്രെയിലർ ക്ലീനർ രാജസ്ഥാൻ സ്വദേശി ജമിൻ (25), കായംകുളം പള്ളിക്കൽ കൃഷ്ണവിഹാറിൽ കണ്ണൻ (32), തിരുവനന്തപുരം വാമനപുരം ചാരുപാറ പുത്തൻവീട് അരുൺരാജ് (21), പെരിങ്ങലിപ്പുറം എണ്ണയ്ക്കാട് ജയമന്ദിരത്തിൽ ജയരാജൻ (35), ചേർത്തല എസ്.എൽ പുരം വാരച്ചാലുങ്കൽ സുജാതൻ (60), എറണാകുളം ഇടപ്പള്ളി ടോൾ വിദ്യാകോട്ടേജിൽ വിവേക് (30), കരുനാഗപ്പള്ളി അനിൽ നിവാസിൽ ജയ (54) എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലർച്ചെ 4.15 ഓടെയാണ് അപകടം. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും എ.സി റോഡിലൂടെ ചങ്ങാനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലറുമാണ് ഇടിച്ചത്. തൊട്ടടുത്ത കടയുടെ പാരപ്പെറ്റും തകർന്നു. കെ.എസ്.ആർ.ടി.സി ബസ് റൂട്ട് മാറിയാണ് ഓടിയതെന്ന് പരാതിയുണ്ട്. സൗത്ത് പൊലീസ് കേസ് എടുത്തു.