വ്യാജ വെളിച്ചെണ്ണകൾ സജീവം
ആലപ്പുഴ: വെളിച്ചെണ്ണ വില കൊന്നത്തെങ്ങുപോലെ വളരുന്നതിനൊപ്പം, തേങ്ങയോടു പുലബന്ധമില്ലാത്ത വ്യാജ വെളിച്ചെണ്ണ രംഗത്തിറക്കി കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിക്കുന്നു. എറണാകുളം കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കൈരളി മിൽസ് വിപണിയിലെത്തിക്കുന്ന മൂന്ന് വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എങ്കിലും ഈ മേഖലയിൽ വ്യാജൻമാരുടെ കുത്തൊഴുക്കാണ് പ്രതിദിനം ഉണ്ടാവുന്നത്.
ആവശ്യക്കാർ ഏറെ ഉള്ളതിനാൽ പല ബ്രാൻഡിലുള്ള വെളിച്ചെണ്ണകൾ മാർക്കറ്റിൽ സുലഭമാണ്. മാർക്കറ്റ് പിടിച്ചെടുക്കാനായി കുറഞ്ഞ വിലയിൽ വിൽക്കാനാണ് ബ്രാൻഡുകൾ തമ്മിലുള്ള മത്സരം. ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണി കീഴടക്കിയതോടെയാണ് ജില്ലയിൽ ഭക്ഷ്യസുരക്ഷാവിഭാഗം രംഗത്തെത്തിയത്.
വെളിച്ചെണ്ണയിൽ മുഖ്യമായും കലർത്തുന്നത് പനംകുരുവിന്റെ തോട് പൊടിച്ച് പിഴിഞ്ഞുണ്ടാക്കുന്ന പാം കെർണൽ എണ്ണയാണ്. പാമോയിലിന്റെ അനുബന്ധ ഉത്പന്നമെന്നു വിശേഷിപ്പിക്കാവുന്ന ഇതിനു കിലോയ്ക്ക് 150 രൂപയാണ്. നിറവും മണവുമില്ലാത്ത പാം കെർണൽ എണ്ണ വെളിച്ചെണ്ണയിൽ കലർത്തിയാൽ പെട്ടെന്ന് തിരിച്ചറിയാനാവാത്തത് മുതലെടുക്കുകയാണ് എണ്ണകമ്പനികൾ. പാം കെർണൽ ഭക്ഷ്യ എണ്ണയായി കണക്കാക്കുന്നുണ്ടെങ്കിലും വെളിച്ചെണ്ണയിൽ കലർത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.വെളിച്ചെണ്ണയുടെ അയഡിൻ വാല്യു 7.5 മുതൽ 10.5 വരെയാണ്. പാം കെർണൽ കലർത്തുമ്പോൾ ഇത് 16ന് മുകളിൽ വരും. പരിശോധനയിൽ പിടിക്കപ്പെടും. ഇങ്ങനെ പിടിക്കപ്പെടാതിരിക്കാൻ പാരഫിൻ വാക്സ് (മെഴുക്) ഇതിനൊപ്പം ചേർക്കും. മെഴുകിന് അയഡിൻ വാല്യു ഇല്ല. കരൾ രോഗങ്ങൾ ഉൾപ്പെടെയുള്ള ഉദര രോഗങ്ങളാണ് ഫലം. വെളിച്ചെണ്ണയുടെ മണം ഉറപ്പാക്കാൻ മറ്റ് കൃത്രിമങ്ങളും കാട്ടാറുണ്ട്.
ശുദ്ധമായ മണം കിട്ടാൻ പലപ്പോഴും റോസ്റ്റ് എണ്ണ കൂടി ചേർക്കുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേര വെളിച്ചെണ്ണയോട് സാമ്യമുള്ള പേരുകളാണ് മിക്ക വെളിച്ചെണ്ണ കമ്പനികളും ഉപയോഗിക്കുന്നത്.
..............................
# വ്യാജനിൽ സ്വയം പര്യാപ്തത!
മുമ്പ് തമിഴ്‌നാട് കർണാടക എന്നിവിടങ്ങളിൽ നിന്നാണ് വ്യാജ വെളിച്ചെണ്ണ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നു വ്യാജ വെളിച്ചെണ്ണ രംഗത്തിറങ്ങുന്നുണ്ട്. നിലവിൽ ബ്രാൻഡഡ് വെളിച്ചെണ്ണ കിലോയ്ക്ക് 230 രൂപയാണ്. മായം ചേർക്കലിൽ 100 കിലോ വെളിച്ചെണ്ണയ്ക്കൊപ്പം 35 മുതൽ 45 കിലോ വരെ കെർണൽ ഓയിൽ ചേർത്താണ് കച്ചവടം നടത്തുന്നത്. കൊപ്ര കരിച്ച് ഉണക്കി ആട്ടുന്ന എണ്ണയാണ് റോസ്റ്റ് എണ്ണയെന്ന പേരിൽ വെളിച്ചെണ്ണയിൽ ചേർക്കുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കെർണൽ ഓയിൽ എത്തുന്നത്.
.....................................
പിഴ ചുമത്തിയ ബ്രാൻഡുകൾ
# കിച്ചൺ ടേസ്റ്റി വെളിച്ചെണ്ണ
# കെ.പി.എൻ ശുദ്ധി വെളിച്ചെണ്ണ
# ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ
# കേരളീയം കോക്കനട്ട് ഒായിൽ
................................
# വെളിച്ചെണ്ണയിൽ മായം ചേർത്തതിന് വടക്കൻ കേരളത്തിൽ മാത്രം 200 കേസുകൾ
# വെളിച്ചെണ്ണയിൽ പാംകെർണ്ണൽ ഓയിലിന്റെ സാന്നിദ്ധ്യം കണ്ടെത്തുക കഠിനം
# ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധിച്ച് നിരോധിക്കുന്ന ബ്രാൻഡുകൾ പുതിയ പേരിൽ വീണ്ടും
.............................
' മനുഷ്യശരീരത്തിൽ മാരകരോഗങ്ങൾ പകരാൻ കാരണമാകുന്ന ലിക്വിഡ് പാരഫിന്റെ സാന്നിദ്ധ്യം ഇതര സംസ്ഥാനത്തു നിന്നത്തെുന്ന വെളിച്ചെണ്ണയിൽ മുമ്പ് കണ്ടെത്തിയിരുന്നു. ജില്ലയിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരോട് തുടർച്ചയായ പരിശോധയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്'
ഭക്ഷ്യ സുരക്ഷ അധികൃതർ