ജില്ലയിലെ നോർക്ക ഓഫീസ് പൂട്ടിയിട്ട് മൂന്നു മാസം
ആലപ്പുഴ: ഓഫീസിനു മുകളിൽ വാട്ടർ ടാങ്ക് ഉള്ളതിനാൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയതോടെ, പ്രവാസികളുടെ സഹായകേന്ദ്രമായ ജില്ല നോർക്ക (പ്രവാസി കേരളീയകാര്യ വകുപ്പ്) ഓഫീസിനു പൂട്ടുവീണിട്ട് മൂന്നു മാസം. കളക്ടറേറ്റിലെ മൂന്നാം നിലയിൽ വടക്കേ ഗോവണിയോടു ചേർന്ന ഇടുങ്ങിയ മുറിയിലാണ് ആറു വർഷമായി നോർക്ക ഓഫീസ് പ്രവർത്തിച്ചിരുന്നത്. കളക്ടറേറ്റിൽത്തന്നെ മറ്റൊരു മുറിക്കായി മുൻ കളക്ടർ ഡോ. അദീല അബ്ദുള്ള പല പണികൾ പയറ്റിയിട്ടും നടന്നില്ല.
ജില്ലയിൽ 40,000ൽ അധികം പ്രവാസികളാണ് നോർക്ക ഓഫീസിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്. മുമ്പ് ആഴ്ചയിൽ ആറു ദിവസമായിരുന്ന ഓഫീസ് പ്രവർത്തനം നിലവിൽ രണ്ടു ദിവസമാണ്. രണ്ടു ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഒരാളായി ചുരുങ്ങി. ഇദ്ദേഹം വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായതോടെ ജീവനക്കാർ ആരും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ബലക്ഷയത്തിന്റെ പേരിൽ ഓഫീസ് പൂട്ടുക കൂടി ചെയ്തത്. ഇതോടെ പ്രവാസികൾക്ക് ലഭിച്ചിരുന്ന വായ്പ, ചികിത്സാ സഹായം, തിരിച്ചറിയൽ രേഖകൾ പരിശോധിക്കൽ തുടങ്ങിയവ ഇല്ലാതായി. ഇതിനായി തിരുവനന്തപുരത്തെ ഹെഡ് ഓഫീസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ പ്രവാസികൾ. ശരാശരി 500ൽ അധികം പ്രവാസികളാണ് ഓരോ പഞ്ചായത്തുകളിലും ഉള്ളത്. 2013ൽ ആണ് ആലപ്പുഴയിൽ നോർക്ക ഓഫീസ് പ്രവർത്തനം തുടങ്ങിയത്.
.........................................
# നോർക്കയുടെ ഗതികേട്
കളക്ടറേറ്റിലെ ഉപയോഗമില്ലാത്ത ഒരുമുറി നോർക്ക ഓഫീസിനായി മുൻ കളക്ടർ അനുവദിച്ചു
(തർക്കം: വനിതാ ജീവനക്കാർ ഭക്ഷണം കഴിക്കുന്ന ഈ മുറി നൽകാൻ പറ്റില്ലെന്ന് ജീവനക്കാർ ഒന്നടങ്കം)
പ്ളാനിംഗ് വിഭാഗത്തിലെ പുതിയ കെട്ടിടത്തിൽ ഒഴിഞ്ഞുകിടന്ന മുറി നോർക്കയ്ക്ക് നൽകാൻ കളക്ടറുടെ ഉത്തരവ്
(തർക്കം: കളക്ടറുടെ പരിധിയിൽപ്പെടുന്നതല്ല പ്ളാനിംഗ് വിഭാഗമെന്ന് പളാനിംഗ് ഉദ്യോഗസ്ഥരുടെ വാദം)
പ്ളാനിംഗ് വിഭാഗത്തിൽ കളക്ടർക്ക് അനുവദിച്ച മുറി നോർക്കയ്ക്കു നൽകാൻ കളക്ടറുടെ ഉത്തരവ്
(തർക്കം: വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉത്തരവിട്ടാൽ നൽകാമെന്ന് പ്ളാനിംഗ് വിഭാഗം ഉദ്യോഗസ്ഥർ)
മിനി സിവിൽസ്റ്റേഷനിൽ ചെറിയ മുറി നൽകാമെന്ന് തഹസീൽദാറുടെ അറിയിപ്പ്
(നോർക്കയുടെ മറുപടി:ഈ മുറിയോടു താത്പര്യമില്ല!)
.........................................................
'ആയിരക്കണക്കിന് പ്രവാസികളുടെ സഹായകേന്ദ്രം നിറുത്തലാക്കിയതിൽ യാതൊരു ന്യായീകരണവുമില്ല. ഓഫീസ് പുന:സ്ഥാപിക്കാൻ മുഖ്യമന്ത്രി ഇടപെടണം'
(ദിനേശ് ചന്ദന, പ്രസിഡന്റ്, പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി, ആലപ്പുഴ)