അമ്പലപ്പുഴ: പടഹാരം പാലത്തിന്റെ നിർമ്മാണം മുടങ്ങിയിട്ട് 18 ദിവസം. തകഴി - നെടുമുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു പൂക്കൈതയാറിനു കുറുകെ 441 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ സമീപ പാതകൾ താഴുന്നത് പതിവായതിനാൽ ഇതിനു പ്രതിവിധിയായി അപ്രോച്ച് റോഡിനു പരമാവധി ഉയരം കുറയ്ക്കുന്ന രീതിയിൽ കരയിൽ കൂടി സ്പാനുകൾ സ്ഥാപിച്ചാണ് നിർമ്മാണം നടത്തുന്നത്. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 1.5 മുതൽ 2 മീറ്റർ വരെയാണ് അപ്രോച്ച് റോഡിന്റെ ഉയരം. വടക്കേ കരയിലെ (നെടുമുടി പഞ്ചായത്ത് പരിധി) ജലാശയത്തിലെ പൈലിംഗ് ജോലികളാണ് നടന്നു കൊണ്ടിരുന്നത് .4 പൈലുകളുടെ ജോലികൾ പൂർത്തിയാക്കി .അഞ്ചാമത്തെ പൈലിംഗ് ആരംഭിച്ചപ്പോഴാണ് നിർമ്മാണം തടസ്സപ്പെട്ടത്. കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയോടു പണി നിർത്താൻ അധികൃതർ നിർദ്ദേശം നല്കിയെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സ്ഥാപനം ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് വേഗം പോരാ എന്ന കാരണത്താലാണിത്. പടഹാരം പാലം പൂർത്തിയാകുന്നതോടെ തകഴിയിൽ നിന്ന് ചമ്പക്കുളം ,മങ്കൊമ്പ് ,ചങ്ങനാശ്ശേരി ,കോട്ടയം ,ആലപ്പുഴ എന്നിവടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയും.