കൊച്ചി: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 30.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ റെയിൽവെ സംരക്ഷണ സേന ( ആർ.പി.എഫ്) പിടികൂടി. പശ്‌ചിമബംഗാൾ സ്വദേശി സന്ദീപ് ദൊലയെ (20) കസ്‌റ്റഡിയിലെടുത്തു. തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് എറണാകുളം , ആലപ്പുഴ ജില്ലകളിലെ ജുവലറികളിലേക്ക് എത്തിച്ചതായിരുന്നു ആഭരണങ്ങൾ. സന്ദീപ് ആലപ്പി എക്‌സ്‌പ്രസിൽ വരുന്നതിനിടെ ആലുവയിൽ വച്ച് ആർ.പി.എഫ് പിടികൂടുകയായിരുന്നു.
തൃശൂരിലെ സ്ഥാപനത്തിന്റെ ഉടമയും ബംഗാൾ സ്വദേശിയാണ്. പിടികൂടിയ സ്വർണാഭരണങ്ങളിൽ വള, കമ്മൽ, ചെയിൻ എന്നിവ ഉൾപ്പെടും. സ്വർണാഭരണങ്ങൾ സംസ്ഥാന ജി.എസ്.ടി സെയിൽസ് ടാക്‌സ് വിഭാഗത്തിന് കൈമാറി.സ്വർണത്തിന്റെ വിലയും രണ്ടുലക്ഷം രൂപയും പിഴയടച്ചാൽ ആഭരണങ്ങൾ തിരികെ നൽകും. അല്ലെങ്കിൽ കണ്ടുകെട്ടും. ഇതിനുമുമ്പും നിരവധി തവണ സ്വർണാഭരണങ്ങൾ എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് കടത്തിയിട്ടുണ്ടെന്ന് സന്ദീപ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആർ.പി.എഫ് വ്യക്തമാക്കി. ആർ.പി.എഫ് എറണാകുളം അസി. കമ്മിഷണർ ടി.എസ്. ഗോപകുമാർ, എസ്.ഐ. പി.വി.രാജു, ഹെഡ്കോൺസ്റ്റബിൾമാരായ സജി അഗസ്‌റ്റ്യൻ, എം.എച്ച്. അനീഷ്, മധു, സുരേഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്.