ഹരിപ്പാട് : വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി മണ്ണാറശാല യു.പി.സ്കൂൾ വിദ്യാർത്ഥികൾ ഒളിമ്പ്യൻ അനിൽ കുമാറിനെ വീട്ടിലെത്തി ആദരിച്ചു. തുടർച്ചയായി12 വർഷം ഇന്ത്യയിലെ ഏറ്റവും വേഗമേറിയ കായികതാരമായിരുന്ന അനിൽകുമാർ കുട്ടികളോട് തന്റെ കായികാനുഭവങ്ങൾ പങ്കുവച്ചു. നിരന്തരമായ പരിശീലനവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് തന്നെ ഇത്രയും വലിയ നേട്ടങ്ങളിലേക്ക് ഓടിക്കയറാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സൈനികനായി സേവനം ചെയ്ത അനിൽകുമാർ ഇപ്പോൾ സായിയിൽ പരിശീലകനാണ്. സൈനികനെന്ന നിലയിൽ രാജ്യത്തിന്റെ കായിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി രാഷ്ട്രപതിയിൽ നിന്നും വിശിഷ്ട സേവ അവാർഡ് ഏറ്റുവാങ്ങി. സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ നിന്നും ശേഖരിച്ച പൂക്കൾ മന്ദാര ഇലയിൽ നിർമ്മിച്ച പൂക്കൂടയിലാക്കി നൽകിയാണ് കുട്ടികൾ അനിൽകുമാറിനോടുള്ള സ്നേഹാദരം പ്രകടിപ്പിച്ചത്. പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസ് ഉപഹാരം കൈമാറി. പി.ടി.എ വൈസ് പ്രസിഡന്റ് പ്രേം ജി കൃഷ്ണ, അംഗങ്ങളായ കൃഷ്ണകുമാർ, മഞ്ജു, അദ്ധ്യാപകരായ ആർ.ബീന, ആർ.ലേഖ, ഷജിത്ത് ഷാജി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.