y

 തോട്ടിൽ വീണുമരിച്ച വിദ്യാർത്ഥിക്ക് കൂട്ടുകാരു‌ടെ യാത്രാമൊഴി

ഹരിപ്പാട്: രണ്ടുനാൾ മുമ്പ് വൈകിട്ട് സ്കൂൾ വിട്ട നേരം കൂട്ടുകാർക്കൊപ്പം ചിരിച്ചുല്ലസിച്ച് ഗേറ്റു കടന്നുപോയ അക്ഷയ്, ഇന്നലെ ഉച്ചയ്ക്ക് ആംബുലൻസിൽ ആ ഗേറ്റു കടന്ന് തങ്ങൾക്കു മുന്നിലേക്കു വരുന്നതു കണ്ടപ്പോൾ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞുപോയി കൂട്ടുകാരെല്ലാം. ഉറങ്ങിയിട്ടെന്ന പോലെ, വെള്ള പുതച്ച് അവൻ സ്കൂൾ മുറ്റത്തെ പന്തലിൽ തെക്കു തലവച്ച് കിടക്കവേ അവസാനമായി ഒരുനോക്കു കാണാൻ വലംവച്ചു നടന്ന ചങ്ങാതിമാരുടെയും അദ്ധ്യാപകരുടെയും കണ്ണുകൾ കണ്ണീർക്കടലായി.

കരുവാറ്റ കന്നുകാലിപ്പാലത്തിനു വടക്ക് ലീഡിംഗ് ചാനലിനു സമീപം പുത്തൻതോട്ടിൽ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ച, കരുവാറ്റ തെക്ക് തൈവീട് ജംഗ്ഷനു സമീപം കുന്നത്ത് വീട്ടിൽ പഞ്ചമദാസ്- ശുഭ ദമ്പതികളുടെ മകൻ അക്ഷയ് ദാസിനാണ് (12) കരുവാറ്റ എസ്.എൻ സെൻട്രൽ സ്കൂളിലെ സഹപാഠികൾ യാത്രാമൊഴി നൽകിയത്. സ്കൂളിലെ പ്രിയങ്കരനായിരുന്നു എട്ടാംക്ളാസുകാരനായ അക്ഷയ് ദാസ്. ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടു മണിയോടെയാണ് മൃതദേഹം പൊതുദർശനത്തിനായി, സ്കൂളിൽ തയ്യാറാക്കിയ പന്തലിലേക്കു കൊണ്ടുവന്നത്. കണ്ണീർ നിയന്ത്രിക്കാൻ പാടുപെട്ടു നിന്ന അദ്ധ്യാപകർക്കും സഹപാഠികൾക്കും രക്ഷിതാക്കൾക്കും നൊമ്പരക്കാഴ്ചയായി മാറി ആ വരവ്. മരണദിവസം അക്ഷയ് യുടെ കൈവശമുണ്ടായിരുന്ന പേന കൂട്ടുകാരിൽ ഒരാൾ അവന്റെ മാറത്തേക്ക് വച്ചുകൊടുത്തപ്പോൾ കൂട്ടക്കരച്ചിൽ ഒരു പ്രകമ്പനമായി, അക്ഷയ് കളിച്ചുനടന്ന ആ സ്കൂൾ മുറ്റത്ത്. സ്കൂൾ മാനേജ്മെന്റിനും അദ്ധ്യാപകർക്കും വേണ്ടി മാനേജർ വേണുഗോപാൽ, ശാഖ സെക്രട്ടറി ജി. പ്രസന്നൻ, പി.ടി.എയ്ക്കു വേണ്ടി പ്രസിഡന്റ് പി. അഭിലാഷ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.