tv-r

 ദേശീയപാത പുനർ നിർമ്മിക്കുന്നത് അരൂർ പള്ളി ജംഗ്ഷൻ മുതൽ ചേർത്തല എക്സ് റേ ജംഗ്ഷൻ വരെ

തുറവൂർ: ദീർഘനാളത്തെ മുറവിളികൾക്കൊടുവിൽ കുഴികൾ നിറഞ്ഞ അരൂർ - ഒറ്റപ്പുന്ന നാലുവരി ദേശീയ പാതയ്ക്ക് ശാപമോക്ഷം. പുത്തൻ സാങ്കേതിക വിദ്യയും ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളും ഉപയോഗിച്ചുള്ള പുനർനിർമാണത്തിന് ഇന്നലെ തുടക്കമായി. ഇതോടൊപ്പം ചേർത്തല എക്സ് റേ ജംഗ്ഷൻ മുതൽ ഒറ്റപ്പുന്ന ജംഗ്ഷൻ വരെയും പുനർനിർമ്മിക്കുന്നുണ്ട്. ആകെ 23.66 കിലോമീറ്റർ നീളത്തിലാണ് ദേശീയ പാതയിൽ പുനർനിർമ്മാണം . ഇന്നലെ രാവിലെ തുറവൂർ ജംഗ്ഷൻ മുതൽ വടക്കോട്ടാണ് ജോലികൾ ആരംഭിച്ചത്. ഒരു ദിവസം 1200 മീറ്ററിൽ നിർമ്മാണ ജോലികൾ നടത്തും നാലു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് ദേശീയ പാത അധികൃതർ പറയുന്നത്. കോൾഡ് മില്ലിംഗ് ആന്റ് റീസൈക്ലിംഗ് ഇൻ ഹോട്ട് മിക്സ് രീതിയിലാണ് പാത പുനർനിർമിക്കുന്നത്. ജർമ്മൻ നിർമ്മിത യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പൊളിച്ചു മാറ്റുന്ന റോഡിന്റെ ഉപരിതല അവശിഷ്ടങ്ങളിൽ 35 ശതമാനവും ബാക്കി പുതിയ അസംസ്കൃത വസ്തുക്കളുമാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന റോഡിന്റെ മേൽത്തട്ട് ബിറ്റുമിൻ മിശ്രിതം ഉപയോഗിച്ച് ആവരണം ചെയ്തു ഉറപ്പിക്കും.പെരുമ്പാവൂർ കേന്ദ്രമായുള്ള ഇ.കെ.കെ ഇൻഫ്രാസ്ട്രക്ച്ചർ എന്ന സ്ഥാപനം 36.07 കോടി രൂപയ്ക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 2015 ലാണ് ദേശീയ പാതയിൽ അവസാനമായി ടാറിംഗ് ജോലികൾ നടന്നത്. പല തവണ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പാത പൂർണ്ണമായി തകർന്ന് കുഴികൾ നിറഞ്ഞ നിലയിലായിരുന്നു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഗതാഗത തടസം ഒഴിവാക്കുന്നതിനായി വാഹനങ്ങൾ ഒരു വശത്തുകൂടി കടത്തിവിടുന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്