ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിരന്തരം പൊട്ടലുണ്ടാകുന്ന ഭാഗത്തെ പൈപ്പ് മാറ്റി പുതിയ പൈപ്പിടുന്ന ജോലികൾ ഡിസംബർ 15ന് തന്നെ ആരംഭിക്കും.

കുടിവെള്ള പദ്ധതിയുടെ റോ വാട്ടർ പമ്പിംഗ് മെയിനിലെ തകരാറുമായി ബന്ധപ്പെട്ട് ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും മന്ത്രി ജി.സുധാകരനും സംയുക്തമായി നവംബർ ഒന്നിന് ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിൽ തകഴി കേളമംഗലം ഭാഗത്ത് 1.5 കിലോമീറ്റർ നീളത്തിൽ പൈപ്പ് മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ.ബി.അശോകിന്റെയും കളക്ടർ എം.അഞ്ജനയുടെയും സാന്നിദ്ധ്യത്തിൽ വാട്ടർ അതോറിട്ടി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്ന പൈപ്പിന്റെ ഫാക്ടറി ടെസ്റ്റ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സിപെറ്റ് (കൊച്ചി) അടിയന്തരമായി നടത്തണമെന്ന് നിർദേശിച്ചു. ആവശ്യമായ തുടർ നടപടി സ്വീകരിച്ച് ഡിസംബർ 15ന് തന്നെ പൈപ്പിടൽ ജോലികൾ തുടങ്ങാനും കൂടുതൽ ജോലിക്കാരെ ഉപയോഗിച്ച് അടുത്ത ഫെബ്രുവരി 20നകം തന്നെ പണികൾ പൂർത്തീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

 ബദലൊരുക്കും

പണികൾ നടക്കുന്ന സമയത്ത് പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യത്തിൽ നഗരസഭയിലും എട്ട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണത്തിന് ബദൽ സംവിധാനം ഒരുക്കും. ഇതിനായി 42 കുഴൽകിണർ സ്‌കീമുകളും മൂന്ന് ഷിഫ്റ്റും പ്രവർത്തിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കീമുകളിൽ നിന്നു കുടിവെള്ളം എത്താത്ത മേഖലകളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനും തീരുമാനിച്ചു. യോഗത്തിൽ കേരള വാട്ടർ അതോറിട്ടി മദ്ധ്യമേഖല ചീഫ് എൻജിനീയർ, ആലപ്പുഴ പി.എച്ച് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ, യുഡിസ്മാറ്റ് പ്രൊജക്ട് മാനേജർ, വാട്ടർ അതോറിട്ടി മുതിർന്ന എൻജിനിയർമാർ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ എന്നിവർ പങ്കെടുത്തു.