ചേർത്തല: വൃക്കകൾ തകരാറിലായ വയലാർ പഞ്ചായത്ത് ഏഴാം വാർഡ് ചിറയിൽപ്പറമ്പിൽ സ്വാതിഷയുടെ ചികിത്സാ സഹായത്തിനായി 'മലയാളീസ്' സ്വകാര്യബസ് ജീവനക്കാർ നടത്തിയ കാരുണ്യയാത്രയിൽ നിന്നു പിരിഞ്ഞു കിട്ടിയത് 20,300 രൂപ. തുക വാർഡംഗം യു.ജി. ഉണ്ണിയുടെ സാന്നിദ്ധ്യത്തിൽ സ്വാതിഷയ്ക്ക് കൈമാറി. ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് മലയാളീസ്.
22 പേരടങ്ങുന്ന ട്രസ്റ്റാണ് സർവീസ് നിയന്ത്രിക്കുന്നത്. സ്വാതിഷയുടെ വിവരം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് സഹായമേകാൻ കാരുണ്യ യാത്ര തീരുമാനിച്ചതെന്ന് ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്. ബിനു, സെക്രട്ടറി പി.ഐ.സൈജൻ എന്നിവർ പറഞ്ഞു. ടിക്കറ്റ് ഒഴിവാക്കി ബക്കറ്റിൽ സഹായങ്ങൾ സ്വീകരിക്കുകയായിരുന്നു. ജീവനക്കാർ ശമ്പളം ഉപേക്ഷിച്ചാണ് ഇന്നലെ ജോലി ചെയ്തത്. സർവീസിന് ഡ്രൈവർ ഷാൻ,ട്രസ്റ്റ് അംഗങ്ങളായ എസ്.ശ്രീരാജ്,ടി.പി.വിജീഷ്,പി.എം.സലിംജി, പി.ജെ.ഷെമീർ,കെ.ജെ. ഷിബു,സിബി തോമസ്, എസ്.രതീഷ്,എസ്. അരുൺമുത്ത്, കെ.എസ്.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ദിനീഷിന്റെ ഭാര്യയാണ് സ്വാതിഷ. അമ്മ ഉഷ സോമൻ വൃക്ക നൽകുമെങ്കിലും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചെലവുകൾക്കാണ് പണം വേണ്ടിത്.