lake

 നീട്ടുവലകളിൽ നിന്ന് മീൻ മോഷ്ടിക്കുന്നത് പതിവായി

ആലപ്പുഴ : രാത്രിയുടെ മറവിൽ വേമ്പനാട്ടുകായലിൽ നീട്ടുവലകളിൽ നിന്ന് മത്സ്യം മോഷ്ടിക്കുന്നത് തൊഴിലാളികൾക്ക് ഇരുട്ടടിയാകുന്നു. മത്സ്യ തൊഴിലാളികൾ കാലങ്ങളായി നേരിടുന്ന വെല്ലുവിളിയാണ് അർദ്ധരാത്രിയിലെ മത്സ്യ മോഷണം. തൊഴിലാളികളുടെ വേഷമണിഞ്ഞെത്തുന്ന മീൻ കള്ളൻമാരെ കുടുക്കാൻ ഉറക്കമിളച്ച് കാവലിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ ഇപ്പോൾ. ഇത് പലപ്പോഴും അപകടത്തിലേക്കും നയിക്കും.ശക്തമായ കാറ്റും മഴയുമുള്ള സമയങ്ങളിൽ വലകൾക്ക് കാവലിരിക്കുന്നതിനിടെ വള്ളം മറിഞ്ഞും മറ്റും അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ട്.

വേമ്പനാട്ടുകായലിൽമീൻ മോഷണം അവസാനിപ്പിക്കാൻ പരിശോധന ശക്തമാക്കണമെന്ന ആവശ്യത്തോട് അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണ്. കായലിൽ വൈകിട്ടോടെ വല നീട്ടിയിട്ടതിനുശേഷം പുലർച്ചെയാണ് മത്സ്യത്തൊഴിലാളികൾ വലകുടയാനെത്തുന്നത്. വലിയൊരു കൊയ്ത്ത് പ്രതീക്ഷിച്ചെത്തുന്ന തൊഴിലാളികൾ വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോൾ. രാത്രിയിലെത്തുന്ന മോഷ്ടാക്കൾ വലകളിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യം മുഴുവനും കൊണ്ടുപോയിരിക്കും. .

മത്സ്യ ലഭ്യത കുറഞ്ഞു

 ഓരു ജലത്തിന്റെ വരവ് കുറഞ്ഞതോടെ കായലിൽ നിന്നും വിവിധഇനം മത്സ്യങ്ങൾ അപ്രത്യക്ഷമായി.

 കായലിന്റെ വിസ്തൃതികുറഞ്ഞതും മത്സ്യലഭ്യത കുറയുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.

കുട്ടനാടൻ പാടശേഖരങ്ങളിൽ തളിക്കുന്ന കീടനാശിനികളും മത്സ്യങ്ങളുടെ നാശത്തിന് കാരണമായി.

മോഷണത്തിന് തൊഴിലാളിവേഷം

പുലർച്ചെ രണ്ടുമണിക്ക് ശേഷം സാധാരണ മത്സ്യത്തൊഴിലാളികളുടെ വേഷത്തിലാണ് മീൻമോഷ്ടാക്കൾ എത്തുന്നത്. സംഘംചേർന്നാണ് ഇവരുടെ വരവ്. മത്സ്യം മോഷ്ടിക്കുന്നതിനിടെ വലകൾക്ക് കേടുപാടുകൾ വരുത്തുന്നതും പതിവാണ്. ഇതുമൂലം തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണുണ്ടാകുന്നത്. തണ്ണീർമുക്കം, കായിപ്പുറം, മുഹമ്മ, പൊന്നാട്, മണ്ണഞ്ചേരി, ആര്യാട് ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലുള്ളവരാണ് വേമ്പനാട്ട് കായലിൽ മത്സ്യബന്ധനം നടത്തിജീവിക്കുന്നത്.

 ഒരു നീട്ട് വലയ്ക്ക് ചെലവ്: ₹ 25000

 മോഷ്ടിക്കുന്ന മത്സ്യങ്ങൾ : കരിമീൻ,കൊഞ്ച്

'' മത്സ്യം എടുക്കാൻ കഴിയാതെ വരുമ്പോൾ പലപ്പോഴും മോഷ്ടാക്കൾ നീട്ടുവല മുഴുവനായും അപഹരിച്ചുകൊണ്ടുപോകും. രാത്രി മുഴുവനും കായലിൽ വലയ്ക്ക് കാവലിരിക്കുന്നത് അപകടം വിളിച്ചു വരുത്തും

സതീശൻ,മത്സ്യത്തൊഴിലാളി-നോർത്ത് ആര്യാട്