ആലപ്പുഴ: കഴിഞ്ഞ രണ്ടുവർഷം കൊണ്ട് സംസ്ഥാനത്തെ കയർ ഉത്പാദനം രണ്ടര മടങ്ങിലേറെ വർദ്ധിച്ചതായി മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് പറഞ്ഞു.കേന്ദ്ര സർക്കാർ കയർബോർഡ് മുഖേന നടപ്പാക്കുന്ന സ്ഫുർത്തി പദ്ധതിയിൽ അനുവദിച്ച അമ്പലപ്പുഴ താലൂക്ക് കയർ ക്‌ളസ്റ്റർ വികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പാതിരപ്പള്ളി എയ്ഞ്ചൽ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ പത്തുവർഷത്തെ ശരാശരി കയർ ഉത്പാദനം 8000 ടണ്ണിനു താഴെ മാത്രമായിരുന്നെങ്കിൽ ഇക്കൊല്ലം അത് 20000 ടൺ ആയി ഉയർന്നു. വരും വർഷം ഇത് 40000 ടൺ ആകും. ആധുനിക ശാസ്ത്ര - സാങ്കേതിക വിദ്യകളിലൂന്നി കയർമേഖല അടിമുടി പരിഷ്‌കരിക്കുന്നതിനുള്ള തീവ്രയത്‌നമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിനു ക്ലസ്റ്ററുകളുടെ നല്ലനിലയ്ക്കുള്ള പ്രവർത്തനം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴ താലൂക്ക് കയർ ഡവലപ്‌മെൻറ് സൊസൈറ്റി പ്രസിഡൻറ് എം.പി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.വെബ്‌സൈറ്റ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലും ബോധവത്ക്കരണ പരിപാടി കയർബോർഡ് സെക്രട്ടറി എം.കുമാരരാജയും ഉദ്ഘാടനം ചെയ്തു. എം കുമാരസ്വാമി പിള്ള,പി.ചിദംബരൻ എന്നിവർ പങ്കെടുത്തു.