പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യും
ഹരിപ്പാട്: ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ നിർവ്വഹണത്തിനായി നിയോജക മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും, ഹരിപ്പാട് നഗരസഭയും പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർമാർ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഹരിപ്പാട് നഗരസഭാ ചെയർപേഴ്‌സൺ, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പദ്ധതി വിതരണ ശൃംഖലയുടെ ഭാഗമായുള്ള ഓവർഹെഡ് ടാങ്കുകൾ നിർമ്മിക്കാനുള്ള സ്ഥലം ബന്ധപ്പെട്ട പഞ്ചായത്തുകൾ കണ്ടെത്തി വാട്ടർ അതോറിട്ടിക്ക് കൈമാറും. 20 മുതൽ 30 സെന്റ് വരെ സ്ഥലമാണ് ആവശ്യമുള്ളത്. 7 പഞ്ചായത്തുകളിൽ സ്ഥലം ലഭ്യമാണ്. കുമാരപുരം, ചിങ്ങോലി, മുതുകുളം പഞ്ചായത്തുകൾ ഇപ്പോൾ കാണിച്ചിട്ടുള്ള സ്ഥലം അപര്യാപ്തമായതിനാൽ വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഗ്രാമപഞ്ചായത്തുകളുടെ ഡെപ്പോസിറ്റ് വർക്കുകൾ ഏറ്റെടുത്ത് നിർവ്വഹിച്ച വകയിൽ (2015 ന് മുൻപുള്ള) വാട്ടർ അതോറിട്ടിയുടെ പക്കൽ ശേഷിച്ചിട്ടുള്ള തുക എത്രയെന്ന് തിട്ടപ്പെടുത്തും. പ്രസ്തുത തുക ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി ജലജീവൻ പദ്ധതി പ്രകാരമുള്ള പഞ്ചായത്തുകളുടെ വിഹിതമായി ക്രമീകരിക്കും. ഇതിനുള്ള നടപടികൾ വാട്ടർ അതോറിട്ടി സ്വീകരിക്കും. പഞ്ചായത്തുകൾ ഓവർഹെഡ് ടാങ്കുകൾ നിർമ്മിക്കാനായി കൈമാറുന്ന സ്ഥലത്തിന്റെ മൂല്യവും തദ്ദേശഭരണ സ്ഥാപനത്തിന്റെ വിഹിതമായി കണക്കാക്കും.
........................................
മുല്ലശ്ശേരി കടവ്- പള്ളിപ്പാട് റോ വാട്ടർ പമ്പിംഗ് മെയിൻ പൈപ്പുകൾ സ്ഥാപിക്കാൻ റോഡുകൾ പൊളിക്കാതെ ബദൽ തേടും.
പാടശേഖരങ്ങളിൽ കൂടി കൃഷിയെ ബാധിക്കാത്ത വിധത്തിൽ സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി സാദ്ധ്യതാ പഠനം നടത്തും
ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കിന്റെ ഡിസൈൻ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കും
ജനപ്രതിനിധികളുടെ യോഗത്തിൽ വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥർ ഡിസൈൻ അവതരിപ്പിക്കും
.........................................
'ആലപ്പുഴ കുടിവെള്ള പദ്ധതി സംബന്ധിച്ച് ഉയർന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മികച്ച ഗുണമേന്മയും ക്ഷമതയുമുള്ള പൈപ്പുകൾ വേണം ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി ഉപയോഗിക്കേണ്ടത്'
(രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്)