ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മാണം പുന:രാരംഭിക്കാൻ കരാറുകാരന് നിർദ്ദേശം
ഹരിപ്പാട്: കരുവാറ്റ ലീഡിംഗ് ചാനലിലുള്ള മുതലക്കുറിച്ചിക്കൽ പാലത്തിന്റെ നിർമ്മാണം ഉടൻ പുന:രാരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ നിയസഭാ മന്ദിരത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
28.25 കോടി മുടക്കി നെടുമുടി - കരുവാറ്റ റോഡിൽ നിർമ്മിക്കുന്ന പാലമാണിത്. പൈൽ ഫൗണ്ടേഷൻ, തൂണുകൾ, 7 സ്പാനുകൾ എന്നിവ പൂർത്തീകരിച്ചു. 2 സ്പാനുകൾ മാത്രമാണ് ഇനിയുള്ളത്. പാലത്തിന്റെ നിർമ്മാണ ചുമതലയുള്ള കരാറുകാരനോട് ഒരാഴ്ച്ചയ്ക്കുള്ളിൽ ജോലികൾ പുനരാരംഭിക്കാൻ നിർദ്ദേശിച്ചെന്നും വീഴ്ച വരുത്തിയാൽ നിയമനടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. കൂടാതെ കരുവാറ്റ- അമ്പലപ്പുഴ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കോരങ്കുഴി പാലത്തിന്റെ നിർമ്മാണത്തിനുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കാവശ്യമായ തുടർ നടപടികൾ സ്വീകരിക്കാനും യോഗം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
പള്ളിപ്പാട് കരിപ്പുഴയിലുള്ള പഴയപാലം പൊളിച്ചുപണിയാനുള്ള 4.81 കോടിയുടെ ജോലികൾ 30ന് ടെൻഡർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ പള്ളിപ്പാട് നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുള്ള കൊടുന്താർ മേൽപ്പാടം പാലത്തിന്റെ സാമ്പത്തിക അനുമതി സംബന്ധമായ നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാനും, പല്ലന കുമാരകോടി പാലത്തിൽ സർവ്വീസ് റോഡിന്റെ നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ കളക്ടറേറ്റുമായി ബന്ധപ്പെട്ട് വേഗം തീർപ്പാക്കാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ മനോമോഹൻ, എക്‌സിക്യുട്ടീവ് എൻജിനീയർ അനിതാമാത്യു, സൂപ്രണ്ടിംഗ് എൻജിനീയർ എൻ.ബിന്ദു, അസി.എക്‌സിക്യുട്ടീവ് എൻജിനീയർ റിജോ തോമസ് മാത്യു എന്നിവർ പങ്കെടുത്തു.
വേഗത്തിലാക്കും വലിയഴീക്കൽ പാലം
ഹരിപ്പാട് വലീഴയീക്കൽ പാലത്തിന്റെ നിർമ്മാണ പുരോഗതിയും യോഗം വിലയിരുത്തി. 112 പൈലുകൾ, 17 പൈൽക്യാപ്പുകൾ, 12 പിയർ ഫൗണ്ടേഷനുകൾ, 13 പിയർക്യാപ്പുകൾ, 52 പി.എ.എസ്.സി ബീമുകൾ, 9 സ്ലാബുകൾ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായി. കൊല്ലം ജില്ലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇനി നടത്താനുള്ളത്.