 വലിയ ചുടുകാട്ടിലെ പാർക്ക് നിർമ്മാണം നിറുത്തിവച്ചു

ആലപ്പുഴ: വലിയ ചുടുകാടിന്റെ ഭാഗമായ സ്ഥലത്ത് വിവാദമായ പാർക്ക് നിർമ്മാണം താത്കാലികമായി നിറുത്തിവയ്ക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പാർക്ക് നിർമ്മാണത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ചുടുകാടു സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടർന്നാണ് നിർമ്മാണം നിറുത്തിവയ്ക്കാൻ ഇന്നലെ നടന്ന കൗൺസിൽ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചുടുകാടു സംരക്ഷണ സമിതി നഗരസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് സമിതി നേതാക്കളുമായി നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ എന്നിവർ നടത്തിയ ചർച്ചയിൽ അടുത്ത കൗൺസിൽ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഹൈന്ദവ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കലിന് ആവശ്യമായ ക്രമീകരണവും സമയക്രമവും നിശ്ചയിച്ചയിക്കുക, സ്ഥലം കയ്യേറി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്നിവയാണ് ചുടുകാടു സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചുടുകാടിന്റെ ഒരു ഭാഗം പാർക്കിനായി നഗരസഭ മുൻ ഭരണസമിതി തീരുമാനിച്ചത്.

 പ്രതിഷേധ മതിൽ

സംസ്കാര ചടങ്ങിന് എത്തുന്നവർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടം, പൂന്തോട്ടം ഉൾപ്പെടെയുള്ള സൗകര്യമാണ് പാർക്കിൽ ഉൾപ്പെടുത്തിയത്. സംസ്കാരം നടക്കുന്ന ഭാഗത്ത് കുറച്ച് സ്ഥലം മാത്രം ചുടുകാടിനായി നീക്കിവെച്ച ശേഷം ബാക്കി സ്ഥലം മതിൽ കെട്ടി പാർക്കിനായി തിരിച്ചതോടെയാണ് പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയത്. അനുരഞ്ജനത്തിനായി നഗരസഭാ കൗൺസിലർ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിയുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ചുടുകാട് സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം കൺവെൻഷനും തുടർന്ന് മാർച്ചും നടത്തി. ഇതിനിടെ പുതിയ നഗരസഭാ ചെയർമാൻ അധികാരമേറ്റതോടെയാണ് വിവാദങ്ങൾക്ക് ശമനമായത്.