ആലപ്പുഴ : റോഡുകൾ പോലെ തന്നെ ആലപ്പുഴയിലെ തോടുകളും വൃത്തിയാക്കുമെന്ന് മന്ത്രി ടി .എം.തോമസ് ഐസക് പറഞ്ഞു. എസ്.ഡി.വി സ്‌കൂൾ മൈതാനത്തു നടന്ന ശുചിത്വപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. തോടുകൾ വൃത്തിയാക്കാൻ 150 കോടി രൂപയാണ് ചെലവഴിക്കുന്നത്. വീടുകളിലെ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി 1800 രൂപ വിലയുള്ള ബയോ ബിൻ 200 രൂപയ്ക് നഗരസഭയിൽ നിന്നു ലഭിക്കും. 2012ൽ ആരംഭിച്ച ശുചിത്വ പരിപാടി 2019ൽ സമ്പൂർണ്ണ വിജയത്തിലേക്ക് എത്തിയെന്നും മന്ത്രി കൂട്ടി ചേർത്തു.

സെന്റ് ജോസഫ് സ്‌കൂൾ വിദ്യാർത്ഥി മീനാക്ഷി സജീവ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ഡോ ജോയ് ഇളമൺ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, കളക്ടർ എം.അഞ്ജന, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു, നഗരസഭ വൈസ് ചെയർപേഴ്സൺ ജ്യോതി മോൾ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി.മനോജ് കുമാർ, പ്രതിപക്ഷനേതാവ് ഡി.ലക്ഷ്മണൻ, മുൻ ചെയർമാൻ തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.