കുട്ടനാട്: തന്റെ വീട്ടിലെ കോഴികളെ അയൽവീട്ടിലെ നായ കൊന്നുതിന്നതിന്റെ പക തീർക്കാൻ നായയെ പാലത്തിൽ കെട്ടിത്തൂക്കി കൊന്ന സംഭവത്തിൽ വെളിയനാട് പഞ്ചായത്ത് കിടങ്ങറ നല്ലുവീട്ടിൽ താഴ്ചയിൽ സന്തോഷിനെ (48) രാമങ്കരി പൊലീസ് അറസ്റ്റ്‌ചെയ്തു.
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. സന്തോഷ് മദ്യലഹരിയിലായിരുന്ന സമയത്താണ് സമീപ വാസിയുടെ വളർത്തുനായയെ പിടികൂടി കിടങ്ങറ പാലത്തിന്റെ കൈവരിയിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. നായയെ ക്രൂരമായി കൊലചെയ്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെയാണ് അറസ്റ്റിലേക്കു നീങ്ങിയത്. സന്തോഷിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.